ടൊറൻ്റോ: കുടിയേറ്റ നിയമങ്ങളിലെ സാങ്കേതിക തടസ്സങ്ങളെത്തുടർന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ടി വന്ന ഫിലിപ്പിനോ നഴ്സ് ജോൺ (യഥാർത്ഥ പേരല്ല) കാനഡയിൽ ജോലിയിൽ തിരിച്ചെത്തി. ടൊറൻ്റോയിലെ ആശുപത്രിയിൽ ഐ.സി.യു നഴ്സായി അദ്ദേഹം വീണ്ടും ചുമതലയേറ്റു. കാനഡയിലെ ആരോഗ്യമേഖല കടുത്ത ജീവനക്കാരുടെ ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ, ജോണിന്റെ തിരിച്ചുവരവ് സമാനമായ പ്രതിസന്ധി നേരിടുന്ന നൂറുകണക്കിന് വിദേശ നഴ്സുമാർക്ക് പ്രതീക്ഷ നൽകുന്നതാണ്.
രണ്ട് വർഷത്തോളം കാനഡയിൽ നഴ്സായി ജോലി ചെയ്ത ജോണിന്റെ സ്ഥിരതാമസത്തിനുള്ള (PR) അപേക്ഷ കഴിഞ്ഞ ഏപ്രിലിൽ സാങ്കേതിക കാരണങ്ങളാൽ അധികൃതർ നിരസിച്ചിരുന്നു. ഇതേത്തുടർന്ന് തൊഴിൽ പെർമിറ്റ് പുതുക്കാൻ കഴിയാതെ വന്നതോടെ അദ്ദേഹത്തിന് ഫിലിപ്പീൻസിലേക്ക് മടങ്ങേണ്ടി വന്നു. മതിയായ തൊഴിൽ പരിചയമില്ലെന്ന വാദമുയർത്തിയായിരുന്നു ഇമിഗ്രേഷൻ വിഭാഗം അപേക്ഷ തള്ളിയത്.
ഇന്റഗ്രേറ്റഡ് ഫിലിപ്പിനോ കനേഡിയൻ നഴ്സസ് അസോസിയേഷൻ (IFCNA) എന്ന സംഘടനയുടെ നിരന്തരമായ ഇടപെടലുകളെത്തുടർന്നാണ് ജോണിന്റെ കാര്യത്തിൽ അനുകൂല തീരുമാനമുണ്ടായത്. സംഘടന ആശുപത്രി അധികൃതരുമായി ചർച്ച നടത്തുകയും ആവശ്യമായ രേഖകൾ സമർപ്പിക്കാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തു. തുടർന്ന് ഇമിഗ്രേഷൻ സ്പെഷ്യലിസ്റ്റിനെ നിയോഗിച്ച ആശുപത്രി അധികൃതർ ജോണിന്റെ വർക്ക് പെർമിറ്റ് ശരിയാക്കിയെടുക്കുകയായിരുന്നു.
ഒൻ്റാരിയോയിൽ മാത്രം സമാനമായ പ്രതിസന്ധി നേരിടുന്ന അറുപതോളം വിദേശ നഴ്സുമാരുടെ പ്രശ്നങ്ങൾ നിലവിൽ തങ്ങളുടെ ശ്രദ്ധയിലുണ്ടെന്ന് ഐ.എഫ്.സി.എൻ.എ പ്രസിഡന്റ് മാർക്ക് ഗ്രാവോസോ പറഞ്ഞു. പലപ്പോഴും തൊഴിലുടമകൾക്ക് കുടിയേറ്റ നിയമങ്ങളിലെ പുതിയ മാറ്റങ്ങളെക്കുറിച്ച് ധാരണയില്ലാത്തതാണ് വിദേശ നഴ്സുമാർ പുറത്താക്കപ്പെടാൻ കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നഴ്സുമാരുടെ ഇമിഗ്രേഷൻ നടപടികളിൽ ആശുപത്രികൾ കൂടുതൽ വ്യക്തതയും സഹകരണവും ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, വിദേശത്തുനിന്ന് പഠനം പൂർത്തിയാക്കിയ നഴ്സുമാർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനായി കുടിയേറ്റ നടപടികളിലെ സങ്കീർണ്ണതകൾ ഒഴിവാക്കി വരുന്നതായി ഒൻ്റാറിയോ തൊഴിൽ-കുടിയേറ്റ മന്ത്രാലയം അറിയിച്ചു. ഒൻ്റാരിയോ ഇമിഗ്രന്റ് നോമിനി പ്രോഗ്രാം (OINP) വഴി ഈ വർഷം ഇതുവരെ 3,300 ആരോഗ്യപ്രവർത്തകർക്ക് അനുമതി നൽകിയിട്ടുണ്ട്. അടുത്ത വർഷം ഇത് 3,800 ആയി ഉയർത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
തന്റെ സ്ഥിരതാമസത്തിനുള്ള അപേക്ഷയിൽ പുരോഗതിയുണ്ടെന്നും നിലവിൽ സമാധാനത്തോടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നുണ്ടെന്നും ജോൺ പ്രതികരിച്ചു. ആരോഗ്യരംഗത്തെ കടുത്ത പ്രതിസന്ധി പരിഹരിക്കാൻ ഇത്തരം നടപടികൾ അത്യാവശ്യമാണെന്നാണ് പൊതുവായ വിലയിരുത്തൽ.
filipino-nurse-returns-to-work-in-the-canadas-strained-health-industry-after-losing-immigration-status
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



