ഹാലിഫാക്സ്: കാനഡയിലെ നോവ സ്കോഷ്യ പ്രവിശ്യയിൽ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി വൻ നിക്ഷേപം പ്രഖ്യാപിച്ചു. പ്രവിശ്യയുടെ അഞ്ച് വർഷത്തെ റോഡ്-ഹൈവേ വികസന പദ്ധതിയുടെ ഭാഗമായി ഈ വർഷം മാത്രം 465 മില്യൺ ഡോളർ (ഏകദേശം 3,800 കോടി രൂപ) ചിലവഴിക്കുമെന്ന് നോവ സ്കോഷ്യ സർക്കാർ അറിയിച്ചു. നൂറുകണക്കിന് കിലോമീറ്റർ റോഡുകളുടെ പുനരുദ്ധാരണം, പുതിയ ഹൈവേകളുടെ നിർമ്മാണം, പാലങ്ങളുടെ അറ്റകുറ്റപ്പണികൾ എന്നിവയാണ് ഈ വർഷത്തെ പദ്ധതിയിലുള്ളത്. അപകടസാധ്യതയുള്ള കവലകൾ പരിഷ്കരിക്കാനും ഹൈവേകളിൽ വാഹനങ്ങളുടെ വേഗതയും സുരക്ഷയും വർദ്ധിപ്പിക്കാനുമാണ് തുകയുടെ വലിയൊരു ഭാഗം വിനിയോഗിക്കുന്നത്.
ഹൈവേ 101, 103, 104 എന്നിവയുടെ ഇരട്ടിപ്പിക്കൽ (Twinning) നടപടികൾ വേഗത്തിലാക്കും. കൂടാതെ ഹാലിഫാക്സ് മേഖലയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനുള്ള വിപുലമായ പദ്ധതികളും ഇതിലുൾപ്പെടുന്നു. 2024 മുതൽ 2029 വരെയുള്ള കാലയളവിൽ ഓരോ വർഷവും പുതിയ പദ്ധതികൾ നടപ്പിലാക്കിക്കൊണ്ട് നോവ സ്കോഷ്യയിലെ യാത്രാ സംവിധാനം ആധുനികവൽക്കരിക്കുകയാണ് സർക്കാർ ലക്ഷ്യം.
റോഡുകളുടെ ഗുണനിലവാരം ഉയരുന്നതോടെ യാത്രാ സമയം കുറയുകയും ചരക്ക് നീക്കം സുഗമമാവുകയും ചെയ്യും. കൂടാതെ ഈ വലിയ നിർമ്മാണ പ്രവർത്തനങ്ങൾ പ്രവിശ്യയിൽ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പബ്ലിക് വർക്സ് മന്ത്രി കിം മസ്‌ല അറിയിച്ചു.കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളെ അതിജീവിക്കാൻ ശേഷിയുള്ള തരത്തിലാണ് പുതിയ റോഡുകളുടെയും പാലങ്ങളുടെയും രൂപകൽപ്പനയെന്നും അധികൃതർ വ്യക്തമാക്കി. നോവ സ്കോഷ്യയിലെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്കും ഈ വികസന പദ്ധതികൾ വലിയ ആശ്വാസമാകും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
N.S. announces $465M for major road, highway projects as part of five-year plan



