ഒന്റാരിയോ: നോർത്തേൺ ഒന്റാരിയോയിലെ സ്നോമൊബൈൽ യാത്രക്കാർക്ക് ആവേശമായി സീസൺ നേരത്തെ ആരംഭിച്ചു. ടിമിൻസിലെ സ്നോമൊബൈൽ പാതകളിൽ പലതും പ്രവർത്തന ശേഷി കുറവാണെങ്കിലും പ്രവർത്തനമാരംഭിച്ചതായി ടിമിൻസ് സ്നോമൊബൈൽ ക്ലബ് അറിയിച്ചു. കഴിഞ്ഞ 16 വർഷത്തിനിടയിൽ ആദ്യമായാണ് ക്രിസ്മസിന് മുൻപ് പാതകൾ സജ്ജമാക്കാൻ സാധിച്ചതെന്ന് ക്ലബ് കമ്മ്യൂണിക്കേഷൻസ് കോർഡിനേറ്റർ ഗിൽബർട്ട് ഫോർട്ടിൻ വ്യക്തമാക്കി.
ക്ലബ്ബ് വോളന്റിയർമാരുടെ കഠിനാധ്വാനവും ഭൂവുടമകളുടെ സഹകരണവുമാണ് പാതകൾ നേരത്തെ തുറക്കാൻ സഹായിച്ചതെന്ന് ഫോർട്ടിൻ അറിയിച്ചു. സ്നോമൊബൈൽ ഉപയോഗിക്കുന്നവർ ഒന്റാരിയോ ഫെഡറേഷൻ ഓഫ് സ്നോമൊബൈൽ ക്ലബ്ബിന്റെ (OFSC) ഓൺലൈൻ ഗൈഡ് പരിശോധിച്ച് പാതകളുടെ അവസ്ഥ മനസ്സിലാക്കണമെന്നും നിർദ്ദേശമുണ്ട്. ഇന്ധനവിലയും യന്ത്രസാമഗ്രികളുടെ ചെലവും വർധിക്കുന്നത് അറ്റകുറ്റപ്പണികൾക്ക് വെല്ലുവിളിയാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ സാമ്പത്തിക പ്രതിസന്ധി മൂലം ആയിരക്കണക്കിന് കിലോമീറ്റർ പാതകൾ അടച്ചുപൂട്ടേണ്ടി വരുമെന്ന ആശങ്ക നിലനിന്നിരുന്നു. എന്നാൽ ഒന്റാരിയോ സർക്കാർ 3.9 ദശലക്ഷം ഡോളറിന്റെ പുതിയ ധനസഹായം പ്രഖ്യാപിച്ചത് പ്രതിസന്ധി പരിഹരിക്കാൻ സഹായിച്ചു. പെർമിറ്റ് വരുമാനം മാത്രം ഉപയോഗിച്ച് പാതകളുടെ സംരക്ഷണം പൂർണ്ണമായി നടത്താൻ സാധിക്കില്ലെന്ന് ഫെഡറേഷൻ ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു.
നേരത്തെയെത്തിയ മഞ്ഞുവീഴ്ച ഈ വർഷം പ്രവിശ്യയിലുടനീളം പെർമിറ്റ് വിൽപ്പന വർധിക്കാൻ കാരണമായതായാണ് വിലയിരുത്തൽ. ഒഎഫ്‌എസ്‌സി വെബ്‌സൈറ്റിലെ കണക്കുകൾ പ്രകാരം നവംബർ ഒന്നിന് മുൻപായി 41,000-ത്തിലധികം ട്രയൽ പെർമിറ്റുകൾ വിറ്റുപോയിട്ടുണ്ട്. ഫെഡറേഷന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ആദ്യകാല സീസൺ വിൽപ്പനയാണിതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Snowmobile season starts early in Northern Ontario



