സെന്റ് ജോൺസ്; സെന്റ് ജോൺസ് സിറ്റിയിൽ കുറ്റകൃത്യങ്ങൾ വർധിച്ച സാഹചര്യത്തിൽ, നഗരത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു. കഴിഞ്ഞ വർഷം നഗരത്തിലെ കുറ്റകൃത്യങ്ങളുടെ തോത് ഏകദേശം 10% വർധിച്ചതിനെ തുടർന്നാണ്, രണ്ട് വർഷം നീണ്ടുനിൽക്കുന്ന ഒരു പൈലറ്റ് പ്രോജക്റ്റിന് സിറ്റി കൗൺസിൽ അംഗീകാരം നൽകിയത്. ദ് ‘കമ്മ്യൂണിറ്റി സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ടീം’ (Community Safety and Security Team) എന്ന പേരിലാണ് പുതിയ സംരംഭം. പ്രതിവർഷം 7.8 ലക്ഷം ഡോളർ ചെലവ് വരുന്ന ഈ പദ്ധതിയിൽ, സ്വകാര്യ സുരക്ഷാ ജീവനക്കാർ 24 മണിക്കൂറും നഗരത്തിൽ കാവലുണ്ടാകും. അടുത്ത ഫെബ്രുവരിയിൽ പദ്ധതി ആരംഭിക്കും. അപ്‌ടൗൺ കോർ, വാട്ടർലൂ വില്ലേജ്, പ്രാദേശിക ഷെൽട്ടറുകൾക്ക് സമീപമുള്ള പ്രദേശങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരിക്കും സുരക്ഷാ ടീമിന്റെ പ്രവർത്തനം.
ഈ സ്വകാര്യ സുരക്ഷാ ജീവനക്കാർക്ക് അറസ്റ്റ് ചെയ്യാനോ നിയമം നടപ്പാക്കാനോ അധികാരമില്ല. അടിയന്തിരമല്ലാത്ത സാഹചര്യങ്ങളിൽ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും, മാനസികാരോഗ്യ അവബോധം ഉപയോഗിച്ച് പ്രതിസന്ധിയിലുള്ളവരെ സഹായിക്കുന്നതിനും, നിരന്തരമായ സാന്നിധ്യം വഴി കുറ്റകൃത്യങ്ങൾ തടയുന്നതിലുമാണ് ഇവർ ശ്രദ്ധ കേന്ദ്രീകരിക്കുക. നഗരത്തിൽ വർധിച്ചുവരുന്ന ഭവനരഹിതരുടെ എണ്ണവുമായി ബന്ധപ്പെട്ടാണ് കുറ്റകൃത്യങ്ങൾ കൂടുന്നതെന്ന് വ്യാപാരികളും ചേംബർ ഓഫ് കൊമേഴ്സും ചൂണ്ടിക്കാട്ടിയിരുന്നു. സ്റ്റാഫുകൾക്ക് അപകടകരമായ സാഹചര്യങ്ങളിൽ സഹായത്തിനായി ഒരാൾ എപ്പോഴും ഉണ്ടാകുന്നത് ആശ്വാസകരമാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
കൂടാതെ, സുരക്ഷാ നടപടികൾക്കും അറ്റകുറ്റപ്പണികൾക്കുമായി വ്യാപാരികളെ സഹായിക്കാൻ 2.5 ലക്ഷം ഡോളറിൻ്റെ പ്രത്യേക ഫണ്ടും സിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. പോലീസിൻ്റെ പട്രോളിംഗിന് ഒരു സഹായമായി ഈ പുതിയ സുരക്ഷാ പദ്ധതി പ്രവർത്തിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Saint John’s New Experiment to Curb Rising Crime: Private Security Force Hired for 2-Year Pilot



