സസ്‌കാച്ചെവാൻ: സസ്‌കാച്ചെവാനിലെ ശൈത്യകാല നിയമസഭാ സമ്മേളനം അവസാനിക്കുന്നതിന് മുൻപ് തന്നെ ഏറെ ചർച്ചയായിരുന്ന ‘കമ്പാഷനേറ്റ് ഇന്റർവെൻഷൻ ആക്റ്റ്’ (ബിൽ 48) സർക്കാർ അവതരിപ്പിച്ചു. ലഹരി ഉപയോഗം മൂലം നിയന്ത്രണം നഷ്ടപ്പെട്ടതിനാൽ സ്വയം സുരക്ഷിതമായ തീരുമാനങ്ങൾ എടുക്കാൻ കഴിയാത്തവർക്കായി നിർബന്ധിത ചികിത്സ അനുവദിക്കുന്നതാണ് നിയമത്തിന്റെ പ്രധാന ലക്ഷ്യം. കുടുംബാംഗങ്ങൾ, ആരോഗ്യവിദഗ്ധർ, പോലീസുക്കാർ എന്നിവർക്ക് ഇത്തരം രോഗികൾക്കായി ‘റിക്കവറി ഓർഡർ’ ആവശ്യപ്പെട്ട് അപേക്ഷിക്കാം. എന്നാൽ 18 വയസ്സിന് താഴെയുള്ളവർക്ക് നിർബന്ധിത ചികിത്സ ബാധകമല്ല. ബിൽ സമർപ്പിച്ച ശേഷം പ്രീമിയർ സ്‌കോട് മോ വ്യക്തമാക്കി. ബിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനരീതി ശൈത്യ–വസന്ത സമ്മേളനങ്ങളിൽ വിശദമായി പരിഗണിക്കാനാണ് തീരുമാനം.
റിക്കവറി ഓർഡർ ലഭിക്കുന്നവർക്ക് ഒരു പ്രത്യേക ഹിയറിംഗ് പാനൽ പരിശോധന നടത്തി ചികിത്സ നിർദ്ദേശിക്കണമോ എന്നത് തീരുമാനിക്കും. ആവശ്യമെങ്കിൽ വിധിക്കെതിരെ കോടതിയെ സമീപിക്കാനും അവസരം ഉണ്ടായിരിക്കും. “തങ്ങളുടെ ആരോഗ്യത്തിനും മറ്റ് ആളുകൾക്കും ഭീഷണിയാകുന്ന ഒരു പരിമിത വിഭാഗത്തിനുവേണ്ടിയാണ് ഈ നിയമം,” എന്ന് സസ്‌കാച്ചെവാൻ ജസ്റ്റിസ് മന്ത്രി ടിം മക്ലെയ്ഡ് വ്യക്തമാക്കി. നിലവിലുള്ള ചികിത്സാ കേന്ദ്രങ്ങൾ തന്നെ പൂർണശേഷിയിൽ പ്രവർത്തിക്കുമ്പോൾ, നിർബന്ധിത ചികിത്സയ്ക്കായി രോഗികളെ എവിടെ കൊണ്ടുപോകുമെന്നതിൽ വ്യക്തതയില്ലെന്നാണ് ‘പ്രെയറി ഹാം റഡക്ഷൻ’ എക്‌സിക്യൂട്ടീവ് ഡയറക്ടർ കൈല ഡിമോങിന്റെ പ്രതികരണം. നിയമം അവതരിപ്പിച്ചിട്ടും ചികിത്സാകേന്ദ്രങ്ങളുടെ എണ്ണം, സൗകര്യങ്ങൾ, സ്റ്റാഫ് ഉൾപ്പെടെയുള്ള നിർണായക വിവരങ്ങൾ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും അവർ ആരോപിച്ചു.
നിർബന്ധിത ചികിത്സാ കേന്ദ്രങ്ങൾ സ്വമേധയാ ചികിത്സാ സംവിധാനങ്ങളിൽ നിന്നു വേറിട്ടായിരിക്കും പ്രവർത്തിക്കുക എന്നാണ് ലഹരി–മാനസികാരോഗ്യ വകുപ്പ് മന്ത്രി ലോറി കാർ വ്യക്തമാക്കുന്നത്. നിലവിൽ പ്രവിശ്യയിൽ കൂട്ടിച്ചേർക്കാൻ ശ്രമിക്കുന്ന 500 ചികിത്സാ കിടക്കകൾക്കു പുറമേ കൂടുതൽ സൗകര്യങ്ങൾ ആവശ്യമുണ്ടെന്നുമാണ് സർക്കാർ നിലപാട്. എന്നാൽ സ്വമേധയാ ചികിത്സയ്ക്കുള്ള കിടക്കകൾ പോലും മതിയായില്ലെന്ന വിമർശനവുമായി പ്രതിപക്ഷം രംഗത്തുണ്ട്. പുതിയ നിയമത്തിന്റെ രൂപരേഖയിൽ സ്വദേശീയ സമൂഹങ്ങളുടെയും സേവനങ്ങൾ ആശ്രയിക്കുന്നവരുടെയും അഭിപ്രായങ്ങൾ നിർണായകമാണെന്ന് വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. മാർച്ച് 2-നാണ് ബിൽ രണ്ടാംവായനയ്ക്കെത്തുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Saskatchewan government introduces new legislation to mandate treatment for drug addicts






