കാനഡയിൽ ന്യൂറോഡൈവേർജന്റ് എന്ന് സ്വയം തിരിച്ചറിയുന്നവരുടെ എണ്ണം വർധിച്ചു വരികയാണ്. എങ്കിലും പല സ്ഥാപനങ്ങളിലെയും തൊഴിൽ അന്തരീക്ഷം ഒരു പ്രത്യേക തരം മനസ്സിന് മാത്രം യോജിച്ച രീതിയിൽ രൂപകൽപ്പന ചെയ്തതാണ്. ഇത് ഈ വിഭാഗം ജീവനക്കാരെ കടുത്ത സമ്മർദ്ദത്തിലേക്കും തളർച്ചയിലേക്കും നയിക്കുന്നു എന്ന് കോർപ്പറേറ്റ് വെൽനസ് സ്ട്രാറ്റജിസ്റ്റ് വൈശാലി ജോഷി അഭിപ്രായപ്പെട്ടു.
എ.ഡി.എച്ച്.ഡി (ADHD), ഓട്ടിസം, ഡിസ്‌ലെക്സിയ തുടങ്ങിയ അവസ്ഥകൾ കാരണം തലച്ചോറിന്റെ പ്രവർത്തനം വ്യത്യാസമുള്ളവരെയാണ് ന്യൂറോഡൈവേർജന്റ് എന്ന് വിളിക്കുന്നത്. ഇ.വൈ കാനഡയുടെ കണക്കനുസരിച്ച്, ആഗോള ജനസംഖ്യയുടെ 15 ശതമാനത്തോളം ആളുകൾ ഈ വിഭാഗത്തിൽപ്പെടുന്നു.
കാനഡയിൽ ഏകദേശം 600,000 പേർ ന്യൂറോഡൈവേർജന്റ് ആണെങ്കിലും, ചില ഗ്രൂപ്പുകളിലെ 86 ശതമാനം പേർക്കും മതിയായ ജോലിയോ, ജോലിയേ ഇല്ലാത്ത അവസ്ഥയോ ആണ്. തൊഴിലിടങ്ങളിലെ ഈ പൊരുത്തക്കേടാണ് ജീവനക്കാരെ നിശബ്ദമായി ബർൺഔട്ടിലേക്ക് തള്ളിവിടുന്നതെന്ന് കോർപ്പറേറ്റ് വെൽനെസ് സ്ട്രാറ്റജിസ്റ് വൈശാലി ജോഷി വ്യക്തമാക്കി. “ജോലിസ്ഥലത്ത് അമിതഭാരം ഉള്ളവരായി നിങ്ങൾ പ്രത്യക്ഷപ്പെടാം. മീറ്റിംഗ് മുറികളിൽ നിശബ്ദമായി ഇരിക്കുന്നതോ, തലച്ചോറ് അലയുമ്പോഴും എല്ലാം മനസ്സിലാക്കിയതായി ചിരിച്ച് കാണിക്കുന്നതോ ഈ അമിതഭാരത്തിന്റെ ലക്ഷണങ്ങളാണ്,” അവർ പറഞ്ഞു.
പുറമേക്ക് ശാന്തമായി തോന്നാമെങ്കിലും, ഈ ജീവനക്കാർ നിലനിന്നുപോകാൻ വേണ്ടി അമിതമായി ജോലി ചെയ്യുകയും കഷ്ടപ്പെടുകയുമാണ്. “നമ്മളൊക്കെ വളരെ വേഗത്തിൽ ചെയ്യുന്ന ജോലികൾ പൂർത്തിയാക്കാൻ ഇവർ കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരുന്നു. ഇത് സ്വാഭാവികമായും ബർൺഔട്ടിലേക്ക് നയിക്കും,” ജോഷി കൂട്ടിച്ചേർത്തു.
ഈ സാഹചര്യത്തിൽ ന്യൂറോഡൈവേർജന്റ് ജീവനക്കാർ ഉപയോഗിക്കുന്ന ഏറ്റവും സാധാരണവും ദോഷകരവുമായ ഒരു പ്രതിരോധതന്ത്രമാണ് ‘മാസ്‌കിങ്’. മറ്റുള്ളവരുടെ വിലയിരുത്തലുകൾ ഒഴിവാക്കാനായി സ്വന്തം സ്വാഭാവിക സ്വഭാവങ്ങൾ മനഃപൂർവം അടിച്ചമർത്തുകയും ന്യൂറോടിപ്പിക്കൽ (സാധാരണ) ആളുകളുടെ പെരുമാറ്റം അനുകരിക്കുകയും ചെയ്യുന്നതിനെയാണ് ‘മാസ്‌കിങ്’ എന്ന് വിളിക്കുന്നത്. “എല്ലാം നന്നായിരിക്കുന്നു എന്ന് തലയാട്ടി ചിരിക്കുക, ആരെയും ഭയപ്പെടുത്താതിരിക്കുക” എന്നിവ മാസ്‌കിങ്ങിന്റെ ഒരു രൂപമാണ്.
കൂടാതെ, തങ്ങൾക്ക് സ്വാഭാവികമല്ലാത്ത രീതിയിൽ പെരുമാറുന്നതും മാസ്‌കിങ്ങിൽ ഉൾപ്പെടുന്നു. ഉദാഹരണത്തിന്, മറ്റുള്ളവർക്ക് മുന്നിൽ സാധാരണയായി കാണപ്പെടാൻ വേണ്ടി ഡെസ്ക് വൃത്തിയാക്കി അടുക്കി വെക്കുന്നത് ഇതിന് ഉദാഹരണമാണ്. “ഇതൊരു കഠിനാധ്വാനമാണ്, ഇത് നമ്മുടെ മാനസികാരോഗ്യത്തെ തകർക്കും. ആദ്യം ഉത്കണ്ഠ വരും, അത് വിഷാദത്തിലേക്ക് നയിക്കും, അതിനെയും അവർ വീണ്ടും മാസ്ക് ചെയ്യാൻ ശ്രമിക്കും. ഇതൊരു ദുരിതചക്രമാണ്,” വൈശാലി ജോഷി വിശദീകരിച്ചു.
തൊഴിലുടമകൾ രണ്ട് പ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാൻ കഴിയുമെന്ന് ജോഷി ഊന്നിപ്പറഞ്ഞു. ആശയവിനിമയവും വഴക്കവുമാണ് ആ മേഖലകൾ. വിവരങ്ങൾ കൈമാറുന്ന രീതി എല്ലാവർക്കും ഒരുപോലെയാവണം എന്ന് നിർബന്ധിക്കാതെ, മീറ്റിംഗ് കുറിപ്പുകളോ നിർദ്ദേശങ്ങളോ എങ്ങനെ ലഭിക്കാനാണ് ഇഷ്ടമെന്ന് ടീം അംഗങ്ങളോട് ചോദിച്ചറിയണം.
“നിങ്ങൾക്ക് ഏത് ഷെഡ്യൂളാണ് സൗകര്യപ്രദം? നേരിട്ട് വരണോ അതോ റിമോട്ട് ആയി ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്നുണ്ടോ? നിങ്ങൾക്ക് രാവിലെയാണോ ഉച്ചയ്ക്ക് ശേഷമാണോ നന്നായി പ്രവർത്തിക്കാൻ കഴിയുക?” തുടങ്ങിയ കാര്യങ്ങൾ ചോദിച്ചറിഞ്ഞുകൊണ്ട് തൊഴിൽ സാഹചര്യങ്ങളിൽ അയവ് വരുത്തണം. എല്ലാവരും വ്യത്യസ്തരാണ് എന്ന തിരിച്ചറിവോടെ തുടങ്ങുന്ന തുറന്ന ആശയവിനിമയത്തിലൂടെ മാത്രമേ ന്യൂറോ-ഇൻക്ലൂസീവ് തൊഴിലിടങ്ങൾ കെട്ടിപ്പടുക്കാൻ സാധിക്കൂ എന്നും ജോഷി അഭിപ്രായപ്പെട്ടു.



