മുംബൈ വിട്ടതിന്റെ കാരണം വെളിപ്പെടുത്തി പ്രമുഖ ചലച്ചിത്ര സംവിധായകൻ അനുരാഗ് കശ്യപ്. ഹിന്ദി ചലച്ചിത്ര വ്യവസായത്തിലെ മോശം അന്തരീക്ഷം തന്നെ വിഷാദത്തിലാക്കിയെന്നും, അതിൽനിന്നും രക്ഷനേടാനാണ് ഈ മാറ്റമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി സിനിമയുടെ ഗുണനിലവാരത്തിലുണ്ടായ ഇടിവും, ബോക്‌സ് ഓഫീസ് വിജയങ്ങൾക്കായുള്ള അമിത സമ്മർദ്ദവും തന്നെ മടുപ്പിച്ചുവെന്നാണ് സുധീർ ശ്രീനിവാസന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കിയത്.
തന്റെ കരിയർ അവസാനിച്ചെന്ന് കരുതി പല സഹപ്രവർത്തകരും അകന്നുപോയപ്പോൾ താൻ വിഷാദത്തിലേക്ക് വഴുതിവീണു. എന്നാൽ ഇപ്പോൾ അതിൽ നിന്ന് പുറത്തുവന്നെന്നും, ജീവിതം കൂടുതൽ ആസ്വദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യയിലേക്ക് താമസം മാറിയതിന് ശേഷം മദ്യപാനം പൂർണ്ണമായും നിർത്തി, വ്യായാമം ചെയ്യാൻ തുടങ്ങി. ഇത് തനിക്ക് കൂടുതൽ എഴുതാനും പുതിയ കാര്യങ്ങൾ ചെയ്യാനും പ്രചോദനമായി. തന്റെ മാനസികാവസ്ഥയെക്കുറിച്ച് സംസാരിച്ച് പലരും താൻ വഴിതെറ്റിപ്പോവുകയാണെന്ന് പറഞ്ഞു. അത്തരമൊരു സാഹചര്യത്തിൽ തുടരാൻ താൻ ആഗ്രഹിച്ചില്ലെന്നും, അതുകൊണ്ടാണ് മുംബൈ വിട്ടതെന്നും കശ്യപ് കൂട്ടിച്ചേർത്തു.
മുംബൈയിലെ തിരക്കുകളിൽ നിന്ന് മാറി പുതിയ സിനിമകൾ കാണാൻ തുടങ്ങിയെന്നും, പ്രത്യേകിച്ച് യുവസംവിധായകരുടെ സിനിമകളും മലയാള സിനിമകളും തന്നെ ഏറെ ആകർഷിച്ചെന്നും അദ്ദേഹം പറഞ്ഞു. ‘റൈഫിൾ ക്ലബ്’ എന്ന സിനിമയിലെ തന്റെ പ്രവർത്തനം പഴയ ഊർജ്ജം തിരികെ കൊണ്ടുവരാൻ സഹായിച്ചു.
മഹാരാജ എന്ന തമിഴ്ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിരുന്നു. 8 എന്ന കന്നഡ ചിത്രമാണ് അദ്ദേഹം അഭിനയിക്കാനിരിക്കുന്ന ചിത്രങ്ങളിലൊന്ന്. കശ്യപിന്റെ പുതിയ ചിത്രമായ ‘നിഷാഞ്ചി’ സെപ്റ്റംബർ 19-ന് റിലീസ് ചെയ്യും. ‘ബന്ദർ’, ‘കെന്നഡി’ തുടങ്ങിയ ചിത്രങ്ങൾ റിലീസിനായി കാത്തിരിക്കുകയാണ്. ആദിവി ശേഷ് നായകനാവുന്ന തെലുങ്ക് ചിത്രം ഡക്കോയിറ്റിലും ശ്രദ്ധേയമായ വേഷത്തിൽ അനുരാഗ് കശ്യപ് എത്തുന്നുണ്ട്.



