തിരുവനന്തപുരം: രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും ബാലരാമപുരം കൈത്തറിയുടെ ഓണക്കോടിയൊരുങ്ങുന്നത് പെരിങ്ങമ്മലയിൽ നിന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെ കേന്ദ്രമന്ത്രിമാർക്കുള്ള ഓണക്കോടിയായി ബാലരാമപുരം കൈത്തറിയിൽ നിർമ്മിച്ച റോയൽ സാരിയും പൊന്നാടയുമാണ് തയ്യാറാക്കിയിരിക്കുന്നത്.
ഓർഡർ ലഭിച്ചത് ജയ്കിഷ് ഹാൻഡ്ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക്
സംസ്ഥാന കൈത്തറി ഡയറക്ടറേറ്റ് ഹാന്റക്സിന് നൽകിയ ഓർഡർ പ്രകാരമാണ് കല്ലിയൂർ പെരിങ്ങമ്മല കേന്ദ്രമായി പ്രവർത്തിക്കുന്ന ജയ്കിഷ് ഹാൻഡ്ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ഈ അവസരം ലഭിച്ചത്.
പ്രധാനമന്ത്രി ഉൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാർക്ക് നാലാം വർഷമാണ് ഈ സൊസൈറ്റി കൈത്തറി വസ്ത്രങ്ങൾ നെയ്തുനൽകുന്നത്. സൊസൈറ്റി സെക്രട്ടറി വി. സന്തോഷ് ആണ് ഇക്കാര്യം അറിയിച്ചത്. രാഷ്ട്രപതി ദ്രൗപതി മുർമുവിനുള്ള സാരി സ്വർണ കസവിൽ ടിഷ്യു മെറ്റീരിയലിലാണ് തയ്യാറാക്കിയത്. 15 റോയൽ സാരികളും 110 പൊന്നാടകളും 15 റോയൽ പൊന്നാടകളുമാണ് ഇവർ നെയ്തെടുത്തത്.
ഏകദേശം 15-ഓളം നെയ്ത്തുകാർ 20 ദിവസം കൊണ്ടാണ് ഈ വസ്ത്രങ്ങൾ തയ്യാറാക്കിയത്. നെയ്തെടുത്ത വസ്ത്രങ്ങൾ ഹാൻഡ്ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാന്റക്സിന് കൈമാറും. ആറന്മുള കണ്ണാടി, വിവിധ കലാശിൽപങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയടങ്ങുന്ന ഗിഫ്റ്റ് ബോക്സിലാണ് ഈ വസ്ത്രങ്ങൾ നൽകുക. പ്രധാനമന്ത്രിക്കുള്ള പൊന്നാട ടിഷ്യു മെറ്റീരിയലിൽ സ്വർണ കസവ് കള്ളികളായി നെയ്തതാണ്. അമിത് ഷാ ഉൾപ്പെടെയുള്ളവർക്ക് സ്വർണവും വെള്ളിയും കസവുകൾ ഇടകലർത്തി കള്ളികളായി നെയ്തതാണ്. ഓണക്കോടിയായി കസവ് വസ്ത്രങ്ങൾ തിരഞ്ഞെടുത്തതിൽ ഏറെ സന്തോഷമുണ്ടെന്ന് സന്തോഷ് പറഞ്ഞു.



