ഒരു തട്ടിപ്പുമായി ബന്ധപ്പെട്ട് നോർത്ത് ബേ പോലീസ് സർവീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഓൺലൈൻ ക്രിപ്‌റ്റോകറൻസി നിക്ഷേപത്തട്ടിപ്പുകൾ നോർത്ത് ബേയിൽ വർധിച്ചുവരുന്നതായി പോലീസ് അറിയിച്ചു. ഇതേ തുടർന്നാണ് മുന്നറിയിപ്പ്. അഭ്യസ്തവിദ്യരായ ആളുകളാണ് തട്ടിപ്പുകളിൽ കുടുങ്ങുന്നത്. നിക്ഷേപ സ്ഥാപനങ്ങളാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവർ തട്ടിപ്പ് നടത്തുന്നത്.
പിന്നീട് പണം അയച്ചു കഴിഞ്ഞാൽ ഇവർ അപ്രത്യക്ഷമാകും. ഇരകളെ ആകർഷിക്കാൻ വ്യാജ വെബ്‌സൈറ്റുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, പണമടച്ചുള്ള പരസ്യങ്ങൾ എന്നിവ തട്ടിപ്പുകാർ ഉപയോഗിക്കുന്നു. ഈ തട്ടിപ്പുകൾക്ക് ഇരയാവുന്നവർക്ക് പണം വീണ്ടെടുക്കാൻ കഴിയാറില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
വഞ്ചകർ പലപ്പോഴും ഉയർന്ന സമ്മർദ്ദ തന്ത്രങ്ങളും വൈകാരികമായ ചൂഷണങ്ങളുമാണ് ഉപയോഗിക്കുന്നത്. അതുവഴി ആളുകളെ പണം കൈമാറാനും രഹസ്യ വിവരങ്ങൾ പങ്കുവെക്കാനും ഇവർ പ്രേരിപ്പിക്കുന്നു. ഭയം, അത്യാഗ്രഹം, സഹതാപം എന്നിവപോലെയുള്ള വികാരങ്ങൾ ഉപയോഗിച്ച് ഇരകളെ വേഗത്തിൽ തീരുമാനമെടുപ്പിക്കാൻ ഇവർ ശ്രമിക്കുന്നു.
ക്രിപ്‌റ്റോകറൻസി എടിഎമ്മുകൾ, ഗിഫ്റ്റ് കാർഡുകൾ, വയർ ട്രാൻസ്ഫർ എന്നിവ പോലുള്ള അസാധാരണമായ പണമിടപാട് രീതികളെക്കുറിച്ച് ശ്രദ്ധിക്കാനും പോലീസ് നിർദ്ദേശിച്ചു. തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കുക:
അറിയാത്ത നമ്പറിൽ നിന്നും വരുന്ന കോളുകൾ കരുതലോടെ കൈകാര്യം ചെയ്യുക. സർക്കാർ ഏജൻസികളിൽ നിന്നോ കമ്പനികളിൽ നിന്നോ വരുന്ന അടിയന്തര കോളുകൾ ശ്രദ്ധിക്കുക. ആവശ്യമെങ്കിൽ അവരെ നേരിട്ട് ബന്ധപ്പെട്ട് കാര്യങ്ങൾ ഉറപ്പുവരുത്തുക. കമ്പ്യൂട്ടറിലേക്ക് വിദൂരമായി പ്രവേശിക്കാൻ ആരെയും അനുവദിക്കാതിരിക്കുക. കമ്പ്യൂട്ടറിലേക്ക് പ്രവേശിക്കാൻ ഉപയോഗിക്കുന്ന വ്യാജ ലിങ്കുകളും സോഫ്‌റ്റ്‌വെയറുകളും ഉപയോഗിച്ച് തട്ടിപ്പുകാർക്ക് നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കാൻ കഴിയും. കുടുംബത്തിലെ മുതിർന്ന ആളുകൾക്ക് തട്ടിപ്പുകളെക്കുറിച്ച് പറഞ്ഞ് മനസിലാക്കിക്കൊടുക്കുക. കാരണം മുതിർന്ന ആളുകളാണ് ഇത്തരം തട്ടിപ്പുകളിൽ പെടാൻ സാധ്യത കൂടുതൽ.
ഇത്തരം തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ നോർത്ത് ബേ പോലീസിന്റെ 705-497-5555 എന്ന നമ്പറിൽ വിളിച്ച് 5 അമർത്തി ഒരു ഓഫീസറുമായി സംസാരിക്കുക. അതല്ലെങ്കിൽ കനേഡിയൻ ആന്റി-ഫ്രോഡ് സെന്ററിനെ 1-888-495-8501 എന്ന നമ്പറിൽ ബന്ധപ്പെടുക. സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കാൻ മടിക്കരുതെന്നും പോലീസ് പറഞ്ഞു. നിങ്ങളുടെ സഹായം അന്വേഷണത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Be careful before investing! Cryptocurrency scams are on the rise; Police warn



