വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിൽ അലാസ്‌കയിൽ നടന്ന ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്യക്തമായ വിജയം നേടിയതായി മുൻ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ. യുക്രൈൻ യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടന്ന കൂടിക്കാഴ്ചയിൽ ട്രംപിന് കാര്യമായ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിച്ചില്ല. ആറു വർഷത്തെ ഇടവേളക്ക് ശേഷമാണ് ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. യുക്രൈനിന്റെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും പൂർണ്ണമായി പുനഃസ്ഥാപിക്കുക എന്ന നാറ്റോയുടെ ലക്ഷ്യം നേടുന്നതിൽ ട്രംപ് പരാജയപ്പെട്ടുവെന്നും ബോൾട്ടൺ വിമർശിച്ചു.
ട്രംപിന് യുക്രൈൻ സമാധാനക്കരാറിൽ എത്രത്തോളം പ്രതീക്ഷയുണ്ടെന്ന് സംശയമുണ്ടെന്നും ബോൾട്ടൺ പറഞ്ഞു. കൂടിക്കാഴ്ച കൂടുതൽ സമയം നീണ്ടുനിന്നതല്ലാതെ കാര്യമായ നേട്ടങ്ങളൊന്നും ട്രംപിന് ഉണ്ടാക്കാൻ സാധിച്ചില്ല. എന്നാൽ, പുടിൻ യുഎസുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിൽ ഏറെ മുന്നോട്ട് പോയെന്ന് ബോൾട്ടൺ വിലയിരുത്തി. യുക്രൈനുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുക വളരെ സങ്കീർണ്ണമായതിനാലാണ് വൈറ്റ് ഹൗസ് ഇത് സംബന്ധിച്ച പ്രതീക്ഷകളിൽ മയംവരുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചർച്ചക്കൊടുവിൽ ഒരു ധാരണയിൽ എത്തിയെന്ന് പുടിൻ പറഞ്ഞുവെങ്കിലും യുക്രൈനിലെ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ ട്രംപിന് സാധിച്ചില്ല. യുക്രൈനും യൂറോപ്പും ഇടപെട്ട് ഉണ്ടായ പുരോഗതിയെ തകർക്കരുതെന്നും പുഡിൻ പറഞ്ഞു. കൂടിക്കാഴ്ചയിൽ വലിയ പുരോഗതിയുണ്ടായെന്ന് ട്രംപും അവകാശപ്പെട്ടുവെങ്കിലും പ്രധാന പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാതെ കിടക്കുന്നുണ്ടെന്ന് അദ്ദേഹം സമ്മതിക്കുന്നു. ചർച്ചക്ക് ശേഷം ഇരു നേതാക്കളും മാധ്യമങ്ങളോട് കൂടുതൽ സംസാരിക്കാൻ തയ്യാറായില്ല. മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ അന്തിമ കരാറിലെത്താൻ സാധിച്ചില്ല.
ട്രംപിനൊപ്പം മാർക്കോ റൂബിയോ, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരും പുതിനൊപ്പം വിദേശകാര്യമന്ത്രി സെർഗെയി ലാവ്‌റോവും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. വൈകാതെ തന്നെ ഈ ലക്ഷ്യം നേടാനാകുമെന്നാണ് ട്രംപ് പ്രതികരിച്ചത്. എന്നാൽ ട്രംപുമായി ഒരു സമാധാന ബന്ധം സ്ഥാപിക്കുക എന്ന പുടിന്റെ പദ്ധതി വിജയിക്കാൻ സാധ്യതയില്ല. പക്ഷേ, പുടിൻ താൻ ആഗ്രഹിച്ചതിലും കൂടുതൽ ഈ കൂടിക്കാഴ്ചകൊണ്ട് നേടിയെടുത്തുവെന്നും ബോൾട്ടൺ വിലയിരുത്തുന്നു.



