ഡബ്ലിൻ: നോർത്തേൺ അയർലൻഡിൽ കാർ ബോംബ് ആക്രമണം നടത്താനുള്ള ശ്രമം അയർലൻഡ് പൊലീസ് (ഗാർഡ) തകർത്തു. രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് കൗണ്ടി മോനഗനിലെ കാരിക്ക്മാക്രോസിന് സമീപമുള്ള എൻ-2 ദേശീയപാതയിൽ ബോംബുമായി സഞ്ചരിച്ച വാഹനം പൊലീസ് തടഞ്ഞത്. സംഭവത്തിൽ ഇരുപതുകളിലുള്ള ഒരു സ്ത്രീയെയും നാൽപ്പതുകളിലുള്ള ഒരു പുരുഷനെയും അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.
വാഹനത്തിൽ നിന്ന് പൂർണമായും പ്രവർത്തനസജ്ജമായ അതിശക്തമായ സ്ഫോടക ഉപകരണമാണ് കണ്ടെത്തിയതെന്ന് പൊലീസ് കമ്മിഷണർ ജസ്റ്റിൻ കെല്ലി വ്യക്തമാക്കി. ഡിറ്റണേറ്റർ, വൈദ്യുത പവർ യൂണിറ്റ്, സൈനിക നിലവാരത്തിലുള്ള സ്ഫോടകവസ്തുക്കൾ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ ബോംബായിരുന്നു ഇതെന്നും, അത് പൊട്ടിത്തെറിച്ചിരുന്നെങ്കിൽ വലിയ നാശനഷ്ടവും നിരവധി ജീവഹാനിയും സംഭവിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രാഥമിക അന്വേഷണത്തിൽ, നോർത്തേൺ അയർലൻഡിൽ ഒരു വാഹനത്തിന്റെ അടിയിൽ ബോംബ് ഘടിപ്പിച്ച് ആക്രമണം നടത്താനായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. 1998-ലെ ഗുഡ് ഫ്രൈഡേ സമാധാന കരാർ അംഗീകരിക്കാത്ത വിമത റിപ്പബ്ലിക്കൻ വിഭാഗങ്ങളുടെ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും, അവരുടെ പ്രവർത്തനങ്ങൾ സുരക്ഷാ ഏജൻസികൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ജസ്റ്റിൻ കെല്ലി കൂട്ടിച്ചേർത്തു.
സംഭവത്തെ അതീവ ആശങ്കാജനകമെന്ന് വിശേഷിപ്പിച്ച അയർലൻഡ് നീതിന്യായ മന്ത്രി ജിം ഒ’കല്ലഹാൻ, പൊലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം ഗുരുതരമായ ആക്രമണമാണ് ഒഴിവായതെന്ന് പറഞ്ഞു. സ്ഫോടക ഉപകരണം സുരക്ഷിതമായി നിർവീര്യമാക്കിയ ഉദ്യോഗസ്ഥരെയും അദ്ദേഹം അഭിനന്ദിച്ചു. ബ്രിട്ടീഷ് സർക്കാരിലെ നോർത്തേൺ അയർലൻഡ് മന്ത്രി ക്രിസ് ബ്രയന്റും അയർലൻഡ് പൊലീസിന്റെ നടപടിയെ പ്രശംസിച്ചു.
അതിർത്തി കടന്നുള്ള സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതിലൂടെ ഇത്തരം ഭീഷണികളെ കൂടുതൽ ഫലപ്രദമായി നേരിടാനാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പൊലീസ് സർവീസ് ഓഫ് നോർത്തേൺ അയർലൻഡിന്റെ അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ ഡേവി ബെക്കും അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ച് എല്ലാ സഹായവും നൽകുമെന്ന് അറിയിച്ചു.
A massive disaster averted; man and woman spark panic in Ireland.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






