മാനിറ്റോബയിൽ പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് മരിച്ച മലയാളി പൈലറ്റിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. രാവിലെ 8.10ന് കൊച്ചിയിൽ എത്തുന്ന എയർ ഇന്ത്യയുടെ വിമാനത്തിലാണ് തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷിന്റെ (23) മൃതദേഹം കൊണ്ടുവരുന്നത്. മൃതദേഹം വിട്ടുകിട്ടാനുള്ള നടപടികൾ പൂർത്തിയായതായി കാനഡയിലെ ഇന്ത്യൻ കോൺസുലേറ്റ് ഹൈബി ഈഡൻ എംപിയെ അറിയിച്ചു.
സ്റ്റൈൻബാക് സൗത്ത് എയർപോർട്ടിന് സമീപം ജൂലൈ 8ന് പ്രാദേശിക സമയം രാവിലെ 8.45നായിരുന്നു അപകടമുണ്ടായത്. ശ്രീഹരിയും കാനഡയിൽ നിന്നുള്ള സാവന്ന മെയ് റോയ്സുമാണ് മരിച്ചത്. റൺവേയിലേക്ക് പറന്നിറങ്ങി പൊടുന്നനെ വീണ്ടും പറന്നുയരുന്നതിനുള്ള പരിശീലനത്തിനിടെയാണ് അപകടം ഉണ്ടായത്. ഹാർവ്സ് എയർ പൈലറ്റ് ട്രെയിനിങ് സ്കൂളിൽ ഇരുവരും പഠിച്ചിരുന്നത്. പൈലറ്റുമാർ മാത്രമാണ് രണ്ട് സെസ്‌ന വിമാനങ്ങളിലും ഉണ്ടായിരുന്നത്. ആശയ വിനിമയ സംവിധാനത്തിലെ പിഴവാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കൂട്ടിയിടിച്ച വിമാനങ്ങൾ എയർ സ്ട്രിപ്പിന് 400 മീറ്റർ അകലെയുള്ള പാടത്താണ് തകർന്നു വീണത്.
തൃപ്പൂണിത്തുറ ന്യു റോഡിലെ കൃഷ്ണ എൻക്ലേവിൽ സെൻട്രൽ ബാങ്ക് ഉദ്യോഗസ്ഥനായ സുകേഷിന്റെയും യുഎസ്ടി ഗ്ലോബൽ ഉദ്യോഗസ്ഥ ദീപയുടെയും മകനാണ് ശ്രീഹരി.
canada plane crash sreehari sukesh body to reach kochi



