ഒട്ടാവ: ഐക്യരാഷ്ട്രസഭയുടെ (UN) കീഴിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിവന്നിരുന്ന സമാധാന പരിപാലന ദൗത്യങ്ങൾ അവസാനിപ്പിക്കാൻ തീരുമാനിച്ച് കാനഡ. ഭാവിയിലെ പുതിയ വെല്ലുവിളികൾ നേരിടാനും നാറ്റോ (NATO) സഖ്യത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ഈ നീക്കമെന്ന് കാനഡ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ലോകസമാധാനത്തിനായി കാനഡ ഇതുവരെ ചെയ്ത കാര്യങ്ങളിൽ നിന്നുള്ള വലിയൊരു പിന്മാറ്റമായാണ് ഈ തീരുമാനം കാണക്കാക്കപ്പെടുന്നത്.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ കൊസോവോ, സൈപ്രസ്, ദക്ഷിണ സുഡാൻ, കോംഗോ എന്നീ രാജ്യങ്ങളിലെ സമാധാന ദൗത്യങ്ങൾ കാനഡ പൂർണ്ണമായും അവസാനിപ്പിക്കും. കൂടാതെ ഈജിപ്തിലെ സിനായ് മേഖലയിലുള്ള പങ്കാളിത്തം വലിയ തോതിൽ കുറയ്ക്കാനും ധാരണയായിട്ടുണ്ട്. നിലവിൽ വിവിധ സമാധാന ദൗത്യങ്ങളിലായി കേവലം 60 കനേഡിയൻ സൈനികർ മാത്രമാണ് സേവനമനുഷ്ഠിക്കുന്നത്. 1993-ൽ യുഗോസ്ലാവിയയിൽ മാത്രം നാലായിരത്തോളം സൈനികരെ വിന്യസിച്ച സ്ഥാനത്താണ് ഈ കുറവ്. പകരം ലാത്വിയയിലെ നാറ്റോ ദൗത്യങ്ങൾക്കും ഇൻഡോ-പസഫിക് മേഖലയിലെ പ്രവർത്തനങ്ങൾക്കുമായിരിക്കും ഇനി കാനഡ കൂടുതൽ മുൻഗണന നൽകുക.
എന്നാൽ, സമാധാന ദൗത്യങ്ങളിൽ നിന്നുള്ള ഈ പിന്മാറ്റം അന്താരാഷ്ട്ര തലത്തിൽ കാനഡയുടെ സ്വാധീനം കുറയ്ക്കുമെന്ന് ഒരു വിഭാഗം സുരക്ഷാ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഒരുകാലത്ത് സമാധാന പരിപാലനത്തിൽ ലോകത്ത് തന്നെ മുന്നിലുണ്ടായിരുന്ന കാനഡയുടെ ഈ പിന്മാറ്റം ആഗോള നേതൃത്വത്തിലേക്ക് കടന്നുവരാൻ ചൈന പോലുള്ള രാജ്യങ്ങൾക്ക് വഴി തുറന്നുകൊടുക്കുമെന്നും വിമർശകർ അഭിപ്രായപ്പെടുന്നു. അതേസമയം, മാറുന്ന ലോക സാഹചര്യങ്ങൾക്കനുസരിച്ച് സ്വന്തം സൈന്യത്തെ സജ്ജമാക്കാനും കൂടുതൽ പ്രസക്തമാക്കാനുമാണ് തീരുമാനമെന്നാണ് പ്രതിരോധ വകുപ്പ് വ്യക്തമാക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Canada withdraws from overseas peacekeeping missions; focus shifts to NATO alliance.





