പറന്നുയർന്ന് നിമിഷങ്ങൾക്കകം ലണ്ടൻ വിമാനത്താവളത്തിൽ യാത്രാ വിമാനം തകർന്നുവീണു. ഞായറാഴ്ച വൈകുന്നേരം 4 മണിയോടെ ലണ്ടൻ സൗത്ത്എൻഡ് വിമാനത്താവളത്തിലാണ് അപകടം. നെതർലാൻഡ്‌സിലേക്ക് പോകുന്ന ബീച്ച് ബി200 സൂപ്പർ കിംഗ് എയർ എന്ന ചെറിയ പാസഞ്ചർ ജെറ്റാണ് തകർന്നത്. വിമാനത്തിൽ എത്രപേരുണ്ടായിരുന്നുവെന്ന് സ്ഥിരീകരണമില്ല. നിലവിൽ സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
അപകടത്തിന്റെ ചില ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിമാനത്താവളത്തിൽ വലിയൊരു തീഗോളവും തുടർന്ന് പുകപടലവും ഉയരുന്നതും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോകളിൽ കാണാം. അപകടത്തിന്റെ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അപകടത്തിൽ യുകെ എഎഐബി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിമാനത്താവളത്തിനടുത്തുള്ള റോച്ച്‌ഫോർഡ് ഹണ്ട്രഡ് ഗോൾഫ് ക്ലബ്ബും വെസ്റ്റ്ക്ലിഫ് റഗ്ബി ക്ലബ്ബും അപകടത്തിന് പിന്നാലെ മുൻകരുതലിന്റെ ഭാഗമായി അവിടെ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണെന്ന് പോലീസ് കൂട്ടിച്ചേർത്തു.



