ടൊറന്റോയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള ടോപ്പം പോണ്ടിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നൂറുകണക്കിന് മത്സ്യങ്ങളെ ചത്തുപൊന്തിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് അധികൃതർ അന്വേഷണം ആരംഭിച്ചു. ജലമലിനീകരണം, പരിസ്ഥിതിപരമായ പ്രശ്നങ്ങൾ, അല്ലെങ്കിൽ താപനിലയിലെ അപ്രതീക്ഷിത മാറ്റങ്ങൾ എന്നിവയാണ് ഇതിനു പിന്നിലെ പ്രധാന കാരണങ്ങളായി സംശയിക്കുന്നത്. 3601 എഗ്ലിന്റൺ അവന്യൂവിലെ എഗ്ലിന്റൺ ഫ്ലാറ്റ്സ് പാർക്കിന്റെ തെക്ക് ഭാഗത്താണ് ഈ കുളം സ്ഥിതി ചെയ്യുന്നത്.
ഈ സംഭവത്തിൽ പ്രദേശവാസികൾ കടുത്ത ആശങ്ക രേഖപ്പെടുത്തി. പാർക്കിലെ സ്ഥിരം സന്ദർശകർ മത്സ്യങ്ങൾക്കു പുറമെ ആമ, തവള തുടങ്ങിയ മറ്റ് ജലജീവികളെയും ചത്ത നിലയിൽ കണ്ടെത്തിയതായി അറിയിച്ചു. കുളത്തിന് സമീപം മത്സ്യങ്ങളുടെ രൂക്ഷമായ ദുർഗന്ധം കാരണം, സമീപത്ത് എവിടെനിന്നെങ്കിലും രാസവസ്തു ചോർന്നതാകാം ചത്തുപൊന്താൻ കാരണമെന്ന് ചിലർ ആരോപിക്കുന്നു. ഈ സാഹചര്യത്തിൽ, മൗണ്ട് ഡെനിസുമായി ചേർന്ന് ടൊറന്റോ അർബൻ ഫിഷിംഗ് അംബാസഡേഴ്സ് (TUFA) ടോപ്പം പോണ്ടിൽ നടത്താനിരുന്ന കുടുംബ ഫിഷിംഗ് പരിപാടി, മത്സ്യങ്ങളുടെ കൂട്ടമരണത്തെ തുടർന്ന് ഒഴിവാക്കി.
സംഭവത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനായി പരിസ്ഥിതി മന്ത്രാലയം ജലസാംപിളുകൾ ശേഖരിച്ച് വിശദമായ പരിശോധന നടത്തിവരികയാണെന്ന് TUFA-യുടെ ഡേവിഡ് ക്ലാർക്ക് അറിയിച്ചു. ജലവുമായോ ചത്ത മത്സ്യങ്ങളുമായോ നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെടരുതെന്ന് അധികൃതർ പൊതുജനങ്ങൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. മുൻ എൻ.ഡി.പി എം.എൽ.എ ഫൈസൽ ഹസ്സൻ പറയുന്നത്, ടോപ്പം പാർക്കിലെ ജലഗുണനിലവാരം സംബന്ധിച്ച് തങ്ങൾ നേരത്തെയും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും നടപടികളൊന്നും ഉണ്ടായില്ലെന്നാണ്. നിലവിൽ വിശദമായ അന്വേഷണം നടത്തി യഥാർത്ഥ കാരണം കണ്ടെത്തണമെന്നും സർക്കാർ എന്ത് നടപടിയെടുക്കുന്നു എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യോർക്ക്-സൗത്ത് വെസ്റ്റേൺ കൗൺസിലർ ഫ്രാൻസിസ് നുൻസിയാറ്റ, സംഭവസ്ഥലത്തെ കാഴ്ചയും ദുർഗന്ധവും “വളരെ അലോസരപ്പെടുത്തുന്നത്” എന്ന് വിശേഷിപ്പിച്ചു. ടൊറന്റോ റീജിയൺ കൺസർവേഷൻ അതോറിറ്റിയും (TRCA) സിറ്റി പാർക്ക്സ് ജീവനക്കാരും ചേർന്ന് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. അതേസമയം, ഓൺടാറിയോ പരിസ്ഥിതി മന്ത്രാലയം ഇതുവരെ രാസവസ്തു ചോർച്ചകളോ അസ്വാഭാവികമായ മാലിന്യങ്ങളോ കണ്ടെത്താനായില്ലെന്ന് അറിയിച്ചു. ജലത്തിലെ താപനിലയിലുണ്ടാകുന്ന വ്യതിയാനങ്ങളോ ഓക്സിജന്റെ കുറവോ പോലുള്ള സ്വാഭാവിക കാരണങ്ങൾ മത്സ്യങ്ങളുടെ മരണത്തിന് വഴിവെച്ചിരിക്കാമെന്നും അവർ പറയുന്നു. ടോപ്പം പോണ്ടിന്റെ ഉടമസ്ഥാവകാശം TRCA-ക്കാണെങ്കിലും, ദൈനംദിന പരിപാലനം ടൊറന്റോ നഗരസഭയുടെ ചുമതലയിലാണ്. ഈ ദുരൂഹതക്ക് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്തുന്നത് വരെ അധികൃതരുടെ അന്വേഷണം തുടരും.



