ടൊറന്റോ നഗരം തുടർച്ചയായ രണ്ടാം വാരവും കടുത്ത ചൂടിന്റെ പിടിയിൽ തന്നെ. ഇന്ന് ഹ്യുമിഡെക്സ് മൂല്യം 40-ൽ എത്താൻ സാധ്യതയുണ്ടെന്നും ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കാമെന്നും എൻവയൺമെന്റ് കാനഡയുടെ മുന്നറിയിപ്പിൽ പറയുന്നു. പകൽ താപനില 31°C മുതൽ 33°C വരെയും രാത്രികാലങ്ങളിൽ 21°C മുതൽ 25°C വരെയും ആയിരിക്കും. ഉയർന്ന താപനിലയും മോശം വായുനിലവാരവും ആരോഗ്യത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
നഗരഭരണകൂടം തുടർന്നുള്ള സ്ഥിതിഗതികൾ നേരിടാൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മെട്രോ ഹാൾ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൂളിംഗ് സെന്ററായി മാറ്റി. അഞ്ച് സിവിക് സെന്ററുകൾ കൂടുതൽ സമയം തുറന്നുപ്രവർത്തിക്കും. കൂടാതെ, എട്ട് ഔട്ട്‌ഡോർ പൂളുകൾ രാത്രി 11:45 വരെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. കഴിഞ്ഞ ഉഷ്ണതരംഗം മുതൽ എല്ലാ കമ്മ്യൂണിറ്റി സെന്ററുകളും, ലൈബ്രറികളും, പൂളുകളും തുറന്നിരിക്കുകയാണെന്നാണ് മേയർ ഒലിവിയ ചൗ അറിയിച്ചത്.
പ്രധാന പൊതുസ്ഥലങ്ങളിൽ കുടിവെള്ളം വിതരണം ചെയ്യുകയും 100 അധിക ഷെൽട്ടർ കിടക്കകൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്. ഈ വേനൽക്കാലും പതിവിലും അധികം ചൂടേറിയതായിരിക്കുമെന്നും ഈ സാഹചര്യങ്ങളെ നേരിടാൻ ജനങ്ങൾ തയ്യാറാകണമെന്നും എൻവയൺമെന്റ് കാനഡയിലെ മുതിർന്ന കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഡേവിഡ് ഫിലിപ്‌സ് മുന്നറിയിപ്പ് നൽകി.
നഗരത്തിലെ 54 ഔട്ട്‌ഡോർ പൂളുകൾ തുറന്നുപ്രവർത്തിപ്പിക്കാനായി 30 ശതമാനം അധിക ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാനും, കുട്ടികളെയും വളർത്തുമൃഗങ്ങളെയും നിർത്തിയിട്ട വാഹനങ്ങളിൽ തനിച്ചാക്കാതിരിക്കാനും എൻവയൺമെന്റ് കാനഡ പൊതുജനങ്ങളോട് നിർദേശിച്ചു. പ്രായമായവരെയും മറ്റ് ദുർബല വിഭാഗങ്ങളെയും സന്ദർശിച്ച് വിവരങ്ങൾ ധരിപ്പിക്കാനും അധികൃതർ അഭ്യർത്ഥിച്ചു.



