ടൊറന്റോയിൽ സ്ത്രീയെ പീഡിപ്പിച്ച കേസിൽ കുറ്റാരോപിതനായയാൾ കസ്റ്റഡിയിൽ, അറസ്റ്റ് ചെയ്യപ്പെടുന്ന സമയത്ത് പ്രതി മറ്റൊരു കുറ്റത്തിന് പ്രൊബേഷനിലായിരുന്നുവെന്നാണ് അധികൃതർ നൽകുന്ന വിവരം. ഒരു മാസത്തോളം നീണ്ട അന്വേഷണത്തിന് ശേഷമാണ് കോർട്ട്നി ഹെൻറി എന്ന പ്രതി അറസ്റ്റിലായത്.
ഹൈ പാർക്കിലെ നടപ്പാതയിലൂടെ നടക്കുന്ന സമയത്താണ് 62കാരി ആക്രമിക്കപ്പെട്ടത്. സ്ത്രീയെ പിന്നിൽ നിന്ന് കടന്നുപിടിച്ച പ്രതി അടുത്തുള്ള വനപ്രദേശത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. സ്ത്രീ പ്രദേശത്ത് നിന്ന് രക്ഷപ്പെടുകയും ഒരു വഴിയാത്രക്കാരന്റെ സഹായം തേടുകയുമായിരുന്നു. അദ്ദേഹമാണ് പൊലീസിനെ വിവരമറിയിച്ചത്.
പ്രതിക്കെതിരെ ലൈംഗികാതിക്രമം, ശാരീരികമായി ഉപദ്രവിക്കൽ, നിർബന്ധിതമായി തടങ്കലിൽ വയ്ക്കൽ, കവർച്ച എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. സംഭവം നടക്കുമ്പോൾ, ഹെൻറി ഒരു കവർച്ച കേസിൽ പ്രൊബേഷനിലായിരുന്നു. ജനുവരിയിൽ പ്രാബല്യത്തിൽ വന്ന 36 മാസത്തെ പ്രൊബേഷൻ ഉത്തരവിൽ ആയുധ നിരോധനവും നിർബന്ധിത കൗൺസിലിംഗ് പ്രോഗ്രാമുകളും ഉൾപ്പെട്ടിരുന്നു.



