അമേരിക്കയിലെ ഏറ്റവും കൂടുതൽ ജൂത ജനസംഖ്യയുള്ള നഗരമായ ന്യൂയോർക്കിൽ, ഡെമോക്രാറ്റിക് പാർട്ടി മേയർ സ്ഥാനത്തേക്ക് സൊഹ്റാൻ മംദാനിയെ സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തത് പലരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ഇസ്രായേലിന്റെ കടുത്ത വിമർശകനാണ് മംദാനി. ന്യൂയോർക്കിലെ ജൂത സമൂഹത്തിൽ ഇത് വലിയ ആശങ്കകൾക്ക് ഇടയാക്കിയിട്ടുണ്ട്. ഇത് ഡെമോക്രാറ്റിക് പാർട്ടിയുടെ മുൻഗണനകളിൽ ഒരു വലിയ മാറ്റം വരുന്നു എന്നതിന്റെ സൂചനയായും വിലയിരുത്തപ്പെടുന്നു.
33 വയസ്സുകാരനായ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് മംദാനി, മുൻ ഗവർണർ ആൻഡ്രൂ ക്യൂമോയെ അട്ടിമറിച്ച് ശ്രദ്ധേയമായ വിജയം നേടിയതോടെ, ഇസ്രായേലിനെതിരായ നിലപാട് ഒരു ഡെമോക്രാറ്റിക് പ്രൈമറിയിൽ ഇനി തടസ്സമല്ലെന്ന് വ്യക്തമായി. ഇസ്രായേലിന് ഒരു ജൂത രാഷ്ട്രമായി നിലനിൽക്കാനുള്ള അവകാശത്തെ അദ്ദേഹം പിന്തുണയ്ക്കുന്നില്ല, കൂടാതെ “ആഗോള ഇൻതിഫാദ” (Globalize the Intifada എന്നത് പലസ്തീൻ അനുകൂല പ്രവർത്തകർ ഉപയോഗിക്കുന്ന ഒരു മുദ്രാവാക്യമാണ്) എന്ന വാക്കിനെ അപലപിക്കാനും അദ്ദേഹം വിസമ്മതിച്ചു. ബഹിഷ്കരണങ്ങളിലൂടെയും മറ്റ് തന്ത്രങ്ങളിലൂടെയും ഇസ്രായേലിനുമേൽ സാമ്പത്തിക സമ്മർദ്ദം ചെലുത്താനുള്ള നീക്കങ്ങളെയും അദ്ദേഹം പിന്തുണയ്ക്കുന്നു.
എന്നാൽ, ഒക്ടോബർ 7 ന് ഹമാസ് നടത്തിയ ആക്രമണത്തിനുശേഷം പല അമേരിക്കൻ ജൂതന്മാരുടെയും കാഴ്ചപ്പാടുകളിൽ മാറ്റം വന്നിട്ടുണ്ട്. ഇസ്രായേലിന്റെ ഗാസയിലെ യുദ്ധനടപടികളിൽ പല ഡെമോക്രാറ്റിക് വോട്ടർമാർക്കും, ജൂതന്മാർക്കും, അതൃപ്തിയുണ്ട്. പ്രത്യേകിച്ച്, യുവതലമുറയിലെ കൂടുതൽ പുരോഗമന ചിന്താഗതിക്കാർക്കിടയിൽ ഇസ്രായേൽ വിരുദ്ധ വികാരം യഹൂദ വിരോധമല്ല എന്ന കാഴ്ചപ്പാട് ശക്തിപ്പെട്ടിട്ടുണ്ട്. ചിലർക്ക് മംദാനിയുടെ വിജയം സുരക്ഷയെക്കുറിച്ചും ജൂത വോട്ടർമാരുടെ സ്വാധീനം കുറയുന്നതിനെക്കുറിച്ചും പുതിയ ഭയങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം നഗരത്തിലെ വിദ്വേഷ കുറ്റകൃത്യങ്ങളിൽ പകുതിയിലധികം ജൂതന്മാരെ ലക്ഷ്യമിട്ടുള്ളതായിരുന്നു.
ന്യൂയോർക്ക് സിറ്റി, ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളിലൊന്നാണ്. അവിടെ ജീവിക്കുന്ന സാധാരണക്കാർക്ക് ഉയർന്ന വാടക, കൂടിയ ഭക്ഷണവില, ഗതാഗതച്ചെലവ്, കുട്ടികളെ വളർത്താനുള്ള ചെലവ് തുടങ്ങി പല കാര്യങ്ങളിലും വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നുണ്ട്. പല കുടുംബങ്ങൾക്കും, വരുമാനത്തിന്റെ വലിയൊരു പങ്ക് ജീവിതച്ചെലവുകൾക്കായി മാറ്റിവയ്ക്കേണ്ടി വരുന്നു. ഇത് പലരെയും നഗരം വിട്ട് പോകാൻ പ്രേരിപ്പിക്കുന്നുമുണ്ട്.
സൊഹ്റാൻ മംദാനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന വിഷയങ്ങളിലൊന്ന് ഈ “താങ്ങാനാവുന്ന ജീവിതച്ചെലവ്” (affordability) ആയിരുന്നു. അദ്ദേഹം തന്റെ പ്രസംഗങ്ങളിലും നയങ്ങളിലും ന്യൂയോർക്കിൽ സാധാരണക്കാർക്ക് ജീവിക്കാൻ കഴിയുന്ന ഒരു നഗരം കെട്ടിപ്പടുക്കുന്നതിനാണ് പ്രാധാന്യം നൽകിയത്.
മുൻ ഗവർണർ ക്യൂമോ ലൈംഗികാരോപണങ്ങളെത്തുടർന്ന് രാജിവെച്ചതും, ക്യൂമോയുടെ ഇസ്രായേൽ അനുകൂല നിലപാടിനെതിരെ മംദാനിയുടെ അനുയായികൾ നടത്തിയ വിമർശനങ്ങളും ഈ തിരഞ്ഞെടുപ്പിൽ നിർണായകമായി. ചില ജൂത വോട്ടർമാർ മംദാനിയെ പിന്തുണച്ചത് പലസ്തീൻ അവകാശങ്ങൾക്കുള്ള പിന്തുണ കാരണമാണെന്നും ജൂത വോയിസ് ഫോർ പീസ് ആക്ഷൻ പോലെയുള്ള സംഘടനകൾ പറയുന്നു. ഇസ്രായേലിന്റെ നയങ്ങളെ വിമർശിക്കുന്നത് യഹൂദ വിരോധമല്ലെന്ന് അവർ വാദിക്കുന്നു.



