ഞായറാഴ്ച്ച പെയ്ത മഴയിൽ വടക്കൻ സസ്‌കാച്ചെവാനിലെ കാട്ടുതീ വ്യാപനം കുറഞ്ഞതായി അധികൃതർ അറിയിച്ചു. സസ്‌കാച്ചെവൻ പബ്ലിക് സേഫ്റ്റി ഏജൻസിയുടെ (SPSA) അഭിപ്രായത്തിൽ, ഈ മഴ അഗ്നിശമന പ്രവർത്തനങ്ങൾക്ക് കുറച്ച് ആശ്വാസം നൽകി. എന്നാൽ തീപിടിത്തത്തിന്റെ ഭീഷണി ഇനിയും അവസാനിച്ചിട്ടില്ലെന്നും, ഇപ്പോഴും അതീവ ജാഗ്രതയും അടിയന്തര പ്രവർത്തനങ്ങളും ആവശ്യമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
SPSA പ്രസിഡന്റ് മാർലോ പ്രിച്ചാർഡ് വ്യക്തമാക്കുന്നതനുസരിച്ച്, തീയുടെ തീവ്രത കുറയുന്ന ഈ ഇടവേള മുഴുവൻ ഉപയോഗപ്പെടുത്താൻ അഗ്നിശമന സേന ശ്രമിക്കുകയാണ്. കാട്ടുതീയ്ക്കെതിരെ നേരിട്ട് പ്രവർത്തിക്കാൻ കഴിയുന്ന ഒരു ചെറിയ അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ സസ്‌കാച്ചെവാനിൽ 24 കാട്ടുതീകളാണ് സജീവമായി നിൽക്കുന്നത്. ഇതിൽ മൂന്നെണ്ണം മാത്രമെ മനുഷ്യന്രെ നിയന്ത്രണത്തിലുള്ളു മറ്റു പല തീപിടിത്തങ്ങളും ഇപ്പോഴും അപകടം നിലയിൽ തുടരുകയാണെന്നും അതിനാൽ അവയെക്കുറിച്ചുള്ള നിരീക്ഷണവും വിലയിരുത്തലും തുടർന്നുകൊണ്ടിരിക്കുകയാണ് എന്നും അധികൃതർ അറിയിച്ചു.
പ്രവിശ്യയിലെ ഏറ്റവും വലിയ തീപിടിത്തമായ ഷൂ ഫയർ ഇപ്പോഴും 500,000 ഹെക്ടറിലധികം പ്രദേശത്ത് വ്യാപിച്ച നിലയിലാണ്. കഴിഞ്ഞ ദിവസം ലഭിച്ച 22 മില്ലിമീറ്റർ മഴ അതിന്റെ വ്യാപനത്തിന് കുറച്ച് ആശ്വാസം നൽകിയെങ്കിലും തീ പൂർണമായി നിയന്ത്രിതമല്ല. കാനഡയിലെ ചില സമീപ പ്രദേശങ്ങളിൽ നിലവിൽ തീപിടിത്തഭീഷണി നേരിടുന്നില്ലങ്കിലും, ഭീഷണി പൂർണമായി അവസാനിച്ചിട്ടില്ലെന്നും അതിനാൽ ജാഗ്രത തുടരേണ്ടതുണ്ടെന്നും SPSA ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇതിനിടെ, സസ്‌കാച്ചെവാനിലെ അടിയന്തരാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ, കൂടുതൽ അഗ്നിശമന സേനാംഗങ്ങളെ ഒരുക്കാനും ആവശ്യമായ പരിശീലനം നൽകാനുമാണ് അധികൃതരുടെ ശ്രമം. തീപിടിത്തത്തിൽ ഇതുവരെ ഏകദേശം 290 ഏക്കർ ഭൂമി നശിച്ചുവെന്ന് സസ്‌കാച്ചെവൻ പബ്ലിക് സേഫ്റ്റി ഏജൻസി (SPSA) സ്ഥിരീകരിച്ചു. ഡെനാരെ ബീച്ച്, ഈസ്റ്റ് ട്രൗട്ട് തടാകം പോലുള്ള പ്രദേശങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടിട്ടുള്ളത്. ഈ പ്രദേശങ്ങളിൽ ആവശ്യമായ അടിയന്തരസഹായം ഉടൻ എത്തിക്കാൻ ഉദ്യോഗസ്ഥർ തിങ്കളാഴ്ച്ച തന്നെ പ്രവർത്തനം ആരംഭിക്കും.



