സ്റ്റീൽ, അലുമിനിയം ഇറക്കുമതിക്ക് നിലവിലുള്ള 25 ശതമാനം താരിഫ് 50 ശതമാനമായി വർദ്ധിപ്പിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഈ നീക്കം യുഎസ് വിപണിയിൽ കുറഞ്ഞ വിലയ്ക്ക് ലോഹങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെ ചെറുക്കാനാണെന്ന് ട്രംപ് വ്യക്തമാക്കി. ബുധനാഴ്ച മുതൽ പുതിയ താരിഫുകൾ പ്രാബല്യത്തിൽ വരും.
ഈ മാറ്റം എല്ലാ രാജ്യങ്ങളെയും ബാധിക്കുമ്പോഴും യുണൈറ്റഡ് കിംഗ്ഡത്തിന് മാത്രം മുമ്പത്തെ നിരക്ക് തുടരാനാകും. കാനഡയാണ് യുഎസിലേക്കുള്ള ഏറ്റവും വലിയ സ്റ്റീൽ, അലുമിനിയം വിതരണക്കാരിൽ മുൻപന്തിയിൽ നിൽക്കുന്നത്. കാനഡയുടെ സ്റ്റീൽ-അലുമിനിയം വ്യവസായം പ്രതിസന്ധിയിലാവുമെന്ന ആശങ്ക വ്യക്‌തമാക്കുകയാണ് യുണൈറ്റഡ് സ്റ്റീൽ വർക്കേഴ്‌സ് (USW) യൂണിയൻ.
“ചില സ്ഥലങ്ങളിൽ തങ്ങൾ തകർച്ചയുടെ വക്കിലാണ്,” എന്ന് USW കാനഡയുടെ ദേശീയ ഡയറക്ടർ മാർട്ടി വാറൻ പറഞ്ഞു. കാനഡയിൽ നിന്നുള്ള സ്റ്റീലിന്റെ 65 ശതമാനവും യുഎസ് വിപണിയിലേക്കാണ് കയറ്റുമതിയാകുന്നത് എന്നത് പ്രശ്നം കൂടുതൽ ഗുരുതരമാക്കുകയാണ്.
ട്രംപിന്റെ നടപടിക്ക് പ്രതികാരമായി കാനഡ നടപടികൾ എടുക്കുമെങ്കിലും, താരിഫ് തുടർന്നാൽ രണ്ടോ മൂന്നോ ആഴ്ചക്കുള്ളിൽ ചില കമ്പിനികൾ പ്രവർത്തനം നിർത്തേണ്ടിവരും. ആന്തരിക വിപണിയിൽ കാനഡയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിച്ച് മാത്രമേ തൊഴിലും ഉത്പാദനവും നിലനിര്‍ത്താനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









