യുക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്കിയും കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയും ശനിയാഴ്ച റോമിൽ ആദ്യമായി കൂടിക്കാഴ്ച നടത്തി. പോപ്പ് ലിയോ XIV-ന്റെ സ്ഥാനാരോഹണത്തിന് തൊട്ടുമുമ്പും കാനഡയിലെ കനനസ്കിസിൽ നടക്കുന്ന G7 ഉച്ചകോടിക്ക് മുന്നോടിയായുമാണ് ഈ കൂടിക്കാഴ്ച നടന്നത്.ചർച്ചകളിൽ, റഷ്യയ്ക്കെതിരെ കൂടുതൽ സമ്മർദ്ദവും കൂടുതൽ ഉപരോധങ്ങൾ ആവശ്യമാണെന്നും,ഉപാധികളില്ലാത്ത വെടിനിർത്തൽ അത്യന്താപേക്ഷിതമാണെന്നും സെലെൻസ്കി വ്യക്തമാക്കി.
“യുക്രെയ്ന്റെ പൂർണ്ണ പിന്തുണയും പങ്കാളിത്തവും ഇല്ലാതെ സമാധാനം സാധ്യമല്ല,” എന്ന് കാർണി സെലെൻസ്കിയോട് പറഞ്ഞു. കൂടാതെ G7 ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള ക്ഷണം സെലെൻസ്കി സ്വീകരിച്ചു. ഈ യാത്രയിൽ കാർണി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയെൻ എന്നിവരെയും കണ്ടു.
ആദ്യ വിദേശ സന്ദർശനമായ റോം യാത്രയിൽ കാർണിക്കൊപ്പം 13 ലിബറൽ എംപിമാരും, ഫസ്റ്റ് നേഷൻ നേതാക്കളും, കത്തോലിക്കാ ബിഷപ്പുമാരും ഉൾപ്പെട്ട 19 അംഗ പ്രതിനിധി സംഘവും ഉണ്ടായിരുന്നു. ഒരു പ്രാക്ടീസിംഗ് കത്തോലിക്കനായ കാർണിക്ക് പോപ്പ് ലിയോയുടെ സ്ഥാനാരോഹണ കുർബാനയിൽ പങ്കെടുക്കുക എന്നത് പ്രതീകാത്മക പ്രാധാന്യമുള്ളതായിരുന്നു, അതോടൊപ്പം യു.എസ്. പ്രസിഡന്റ് ട്രംപിന്റെ നിരീക്ഷണത്തിനിടയിൽ ആഗോള തലത്തിൽ കാനഡയുടെ വിശ്വാസ്യത വീണ്ടെടുക്കാനുള്ള അവസരവുമായിരുന്നു.



