കടുത്ത തൊഴിലില്ലായ്മയിൽ വലയുകയാണ് കാനഡ. ഒരു മാസത്തിനിടെ 30,000-ത്തിലധികം പേരുടെ ജോലിയാണ് പോയത്. 2025 ഏപ്രിലിൽ വെറും 7,400 തൊഴിലവസരങ്ങൾ മാത്രമാണ് പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതേസമയം തൊഴിലില്ലായ്മ നിരക്ക് 6.9% ആയി ഉയർന്നു. ഇത് 2023 നവംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. കാനഡയുടെ പുതിയ പ്രധാനമന്ത്രി മാർക്ക് കാർണിക്ക് ഇത് കടുത്ത വെല്ലുവിളി ഉയർത്തുമെന്ന് വിലയിരുത്തപ്പെടുന്നു. സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ കണക്കനുസരിച്ച് ഏകദേശം 16 ലക്ഷം കനേഡിയൻ പൗരന്മാർ ഇപ്പോൾ തൊഴിൽരഹിതരാണ്. തൊഴിൽ മേഖല കാര്യമായ സമ്മർദ്ദം നേരിടുന്നു. കാനഡയിലെ ജനസംഖ്യാ വളർച്ചയ്ക്ക് അനുസൃതമായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ രാജ്യം പരാജയപ്പെട്ടുവെന്നാണ് വിമർശനം. ഏപ്രിലിലെ തൊഴിൽ നഷ്ടത്തിന്റെ കടുത്ത ആഘാതമേറ്റത് നിർമാണ മേഖലയാണ്. ഒരു മാസം കൊണ്ട് 31,000 തൊഴിലവസരങ്ങളാണ് ഈ മേഖലയിൽ നഷ്ടമായത്. ട്രംപിന്റെ വ്യാപാര നയങ്ങളും പകരച്ചുങ്കവും വിതരണ ശൃംഖലകളെ തടസപ്പെടുത്തുകയും കനേഡിയൻ കയറ്റുമതിയെ ബാധിക്കുകയും ചെയ്തു.
മോശം സാഹചര്യത്തിലും പൊതുമേഖലയിൽ ഏപ്രിൽ മാസം തൊഴിലവസരങ്ങൾ വർധിച്ചിട്ടുണ്ട്. താൽക്കാലിക നിയമനങ്ങളാണ് ഇതിന് കാരണം. എങ്കിലും ഈ വർദ്ധന മറ്റ് മേഖലകളിലെ പ്രതിസന്ധി മറികടക്കാൻ പര്യാപ്തമല്ല. വേതന വർധനയിലും പുരോഗതിയുണ്ടായില്ല. സ്ഥിരം ജീവനക്കാരുടെ ശരാശരി മണിക്കൂർ വേതനം വർഷാവർഷം 3.5% വർധിച്ചുവെങ്കിലും ഇത് മാർച്ചിലെ നിരക്കിൽ നിന്ന് മാറ്റമില്ലാതെ തുടരുകയാണ്.



