അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിദേശ നിർമ്മിത വാഹനങ്ങൾക്കും ഭാഗങ്ങൾക്കും എതിരെ ഏർപ്പെടുത്തുന്ന നികുതികൾ മേയ് 3 മുതൽ നിലവിൽ വരികയാണ്. ഈ സാഹചര്യത്തിൽ കനേഡിയൻ ഓട്ടോമൊബൈൽ നേതാക്കൾ ഇതിനെതിരെ ഒന്നിച്ച് അണിനിരക്കുകയാണ്. ഓട്ടോമോട്ടിവ് പാർട്സ് മാനുഫാക്ചറേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് ഫ്ലാവിയോ വോൾപ് വിൻഡ്സർ സർവകലാശാലയിൽ സംസാരിക്കുന്നതിനിടതിയിൽ വ്യാപാര യുദ്ധത്തിന്റെ പരിണിത ഫലങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കാൻ മുഴുവൻ വ്യവസായ പ്രതിനിധികളോടും ആഹ്വാനം ചെയ്തു. “ഇരു രാജ്യങ്ങളിലും വ്യവസായം നിശ്ചലമാകും” എന്ന കടുത്ത മുന്നറിയിപ്പാണ് അദ്ദേഹം നൽകിയത്.
ഈ നികുതി നടപടിയുടെ യഥാർത്ഥ സാമ്പത്തിക ആഘാതം എടുത്തുകാട്ടാൻ കമ്പനികൾ അവരുടെ അനുഭവങ്ങൾ പരസ്യമായി പങ്കുവയ്ക്കണമെന്നും വിശദമായ കണക്കുകൾ ലഭ്യമാക്കണമെന്നും വോൾപ് ആവശ്യപ്പെട്ടു. പൊതുജനാഭിപ്രായത്തെയും രാഷ്ട്രീയ നിലപാടുകളെയും സ്വാധീനിക്കാൻ വ്യവസായമേഖല ഒന്നിച്ച് നിൽക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. കനേഡിയൻ അസോസിയേഷൻ ഓഫ് മോൾഡ്മേക്കേഴ്സിലെ നിക്കോൾ വ്ലാനിച്ച് പ്രശ്‌നത്തിന്റെ ഗൗരവം വ്യക്തമാക്കി: തുടർച്ചയായ സാമ്പത്തിക സമ്മർദ്ദം മൂലം നിരവധി കമ്പനികൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്.
വിൻഡ്സർ സ്റ്റാഫിംഗ് ഏജൻസിയിലെ റിക്രൂട്ട്മെന്റ് മാനേജർ റീറ്റ യൗഹാന തൊഴിലാളികൾ നേരിടുന്ന മാനസിക സമ്മർദ്ദത്തെ വ്യക്തമായി ചൂണ്ടിക്കാട്ടി. “മിണ്ടാതിരിക്കരുത്” എന്ന ലളിതമായ സന്ദേശമാണ് യോഗത്തിൽ നിന്ന് തനിക്ക് ലഭിച്ച പ്രധാന പാഠമെന്ന് അവർ പറഞ്ഞു. പ്രതിസന്ധി നിറഞ്ഞ ഈ സാഹചര്യത്തിലും ഒരു പ്രതീക്ഷ നിറഞ്ഞ സന്ദേശം നേതാക്കൾ പങ്കുവച്ചു. ഈ വെല്ലുവിളി ഓട്ടോമൊബൈൽ മേഖല ഇതുവരെ നേരിട്ടിട്ടില്ലാത്ത രീതിയിൽ ഒന്നിപ്പിച്ചിരിക്കുന്നു. “ഇത്രമാത്രം ഐക്യത്തോടെ ഈ വ്യവസായവും സമൂഹവും നിലകൊള്ളുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല” എന്ന യൗഹാനയുടെ വാക്കുകൾ ഈ ഐക്യദാർഢ്യത്തിന്റെ ശക്തി വെളിപ്പെടുത്തുന്നു.



