ഒട്ടാവ: കാനഡയിൽ സ്ഥിരതാമസമാക്കാനും പൗരത്വം നേടാനും ആഗ്രഹിക്കുന്നവർ നിരവധിയാണ്. എന്നാൽ ലോകത്തിലെ ഏറ്റവും ശക്തമായ യാത്രാരേഖകളിൽ ഒന്നായ കനേഡിയൻ പാസ്പോർട്ടിന്റെ ആകർഷകവും അധികമാർക്കും അറിയാത്തതുമായ സവിശേഷതകളെക്കുറിച്ച് പലർക്കും അറിവില്ല. അമേരിക്കൻ പാസ്പോർട്ടിനേക്കാൾ റാങ്കിംഗിൽ മുന്നിൽ നിൽക്കുന്നത് മുതൽ അതിശയിപ്പിക്കുന്ന സുരക്ഷാ ഫീച്ചറുകൾ വരെ ഉൾക്കൊള്ളുന്നതാണ് ഇത്.

ഹെൻലി പാസ്പോർട്ട് ഇൻഡക്സിൽ അമേരിക്കൻ പാസ്പോർട്ടിനെ പിന്നിലാക്കി കനേഡിയൻ പാസ്പോർട്ട് ഏഴാം സ്ഥാനത്താണ് നിലകൊള്ളുന്നത്. മുൻകൂട്ടി വിസയെടുക്കാതെ തന്നെ ലോകത്തിലെ പ്രമുഖ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ ഇത് സഹായിക്കുന്നു. ഇതിനുപുറമേ, പാസ്പോർട്ട് അപേക്ഷ നൽകി 30 പ്രവൃത്തിദിവസങ്ങൾക്കുള്ളിൽ പ്രോസസ്സ് ചെയ്ത് കിട്ടിയില്ലെങ്കിൽ അപേക്ഷാ ഫീസ് പൂർണ്ണമായും തിരികെ നൽകുന്ന പദ്ധതിയും കാനഡയിലുണ്ട്.
16 വയസ്സിന് മുകളിലുള്ള കനേഡിയൻ പൗരന്മാർക്ക് ഒഫീഷ്യൽ കേന്ദ്രങ്ങളിൽ നേരിട്ട് പോകാതെ തന്നെ ഓൺലൈനായി ഫോട്ടോ അപ്ലോഡ് ചെയ്ത് പാസ്പോർട്ട് പുതുക്കാനുള്ള സൗകര്യവുമുണ്ട്. ഈ പാസ്പോർട്ട് കൈവശമുള്ളവർക്ക് യൂറോപ്പിലെ ഷെൻഗൻ മേഖല ഉൾപ്പെടെ ലോകമെമ്പാടുമുള്ള 183 രാജ്യങ്ങളിലേക്കും പ്രദേശങ്ങളിലേക്കും മുൻകൂട്ടി വിസയില്ലാതെയോ ‘വിസ ഓൺ അറൈവൽ’ വഴിയോ എളുപ്പത്തിൽ യാത്ര ചെയ്യാം.
സുരക്ഷയുടെ കാര്യത്തിലും കനേഡിയൻ പാസ്പോർട്ട് ഏറെ മുന്നിലാണ്. വ്യക്തിഗത വിവരങ്ങൾ ഉൾക്കൊള്ളുന്ന ഇൻബിൽറ്റ് മൈക്രോചിപ്പുള്ള ഇ-പാസ്പോർട്ടുകളാണ് നിലവിൽ നൽകിവരുന്നത്. പാസ്പോർട്ടിന്റെ ഉള്ളിലെ വിസ പേജുകളിൽ കാനഡയുടെ നാല് പ്രധാന ഋതുക്കളെ സൂചിപ്പിക്കുന്ന ചിത്രങ്ങളും അൾട്രാവയലറ്റ് (UV) വെളിച്ചത്തിൽ മാത്രം കാണാൻ കഴിയുന്ന രഹസ്യ പാറ്റേണുകളും അടങ്ങിയിരിക്കുന്നു.
വ്യാജന്മാരെ തടയാൻ അത്യാധുനിക സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. പേജിലുള്ള ചുവന്ന മേപ്പിൾ ഇലയിൽ വിരൽ കൊണ്ട് ഉരസി ചൂടാക്കിയാൽ അത് താൽക്കാലികമായി അപ്രത്യക്ഷമാകും. കൂടാതെ, വിവരങ്ങൾ സാധാരണ പ്രിന്റ് ചെയ്യുന്നതിന് പകരം പോളികാർബണേറ്റ് പേജിൽ ലേസർ ഉപയോഗിച്ചാണ് കൊത്തിവെച്ചിരിക്കുന്നത്. അടുത്തിടെ കാനഡ നടപ്പിലാക്കിയ നിയമപരിഷ്കാരം (Bill C-3) വഴി വിദേശത്ത് ജനിച്ച കനേഡിയൻ വംശജർക്കും പൗരത്വ സർട്ടിഫിക്കറ്റിന് അപേക്ഷിച്ച് ഈ കരുത്തുറ്റ പാസ്പോർട്ട് സ്വന്തമാക്കാൻ അവസരമൊരുങ്ങിയിട്ടുണ്ട്.
Seven things you might not know about the Canadian passport
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




