വാഷിങ്ടൺ : ഒരു വർഷത്തിനിടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ ലൈംഗിക ചൂഷണത്തിനും അതിക്രമങ്ങൾക്കും ഇരയായത് ഏകദേശം 20 മില്യൺ കുട്ടികളെന്ന് UNICEF-ന്റെ പുതിയ റിപ്പോർട്ട്. ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക, കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിലെ 12 നും 17 നും ഇടയിൽ പ്രായമുള്ള അഞ്ച് കുട്ടികളിൽ ഒരാൾ വീതം ഓൺലൈൻ വഴിയുള്ള ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായിട്ടുണ്ടെന്ന് യു.എൻ കുട്ടികളുടെ സംഘടനയായ യുണിസെഫ് പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സർവേ നടത്തിയ 21 രാജ്യങ്ങളിലെ ഇന്റർനെറ്റ് ഉപയോഗിക്കുന്ന കുട്ടികളുടെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. ആഗോളതലത്തിൽ ഈ അതിക്രമത്തിന് ഇരയാകുന്ന കുട്ടികളുടെ യഥാർത്ഥ എണ്ണം ഇതിലും എത്രയോ അധികമായിരിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
സർവേയിൽ പങ്കെടുത്ത രാജ്യങ്ങളിലെ ഏകദേശം 15 മില്യൺ കുട്ടികൾ അനാവശ്യമായ ലൈംഗിക ഉള്ളടക്കങ്ങൾക്ക് ഇരയായിട്ടുണ്ട്. 9 മില്യൺ ആളുകൾ ലൈംഗിക സംഭാഷണങ്ങൾക്കോ ചിത്രങ്ങൾ പങ്കുവെക്കാനോ ഉള്ള സമ്മർദ്ദത്തിന് വിധേയരായപ്പോൾ, 4 മില്യൺ കുട്ടികളുടെ അനുവാദമില്ലാതെ അവരുടെ ലൈംഗികച്ചുവയുള്ള ചിത്രങ്ങൾ പ്രചരിക്കപ്പെട്ടു. കെനിയ, പാകിസ്ഥാൻ, ബ്രസീൽ, സെർബിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 21,000 കുട്ടികളിൽ 2020 നും 2025 നും ഇടയിൽ നടത്തിയ ദേശീയ സർവേകളെ അടിസ്ഥാനമാക്കിയാണ് ഈ പഠനം തയ്യാറാക്കിയിട്ടുള്ളത്. ഇത്തരത്തിലുള്ള ഏറ്റവും വലിയ പഠനങ്ങളിലൊന്നായാണ് UNICEF ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള മൊത്തം അതിക്രമങ്ങളിൽ ഏകദേശം 60 ശതമാനവും നടന്നിരിക്കുന്നത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ്. ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ്, ടിക് ടോക് എന്നിവയാണ് ഇതിൽ മുന്നിൽ നിൽക്കുന്നത്. അതേസമയം, 14 ശതമാനം അതിക്രമങ്ങൾ ഓൺലൈൻ ഗെയിമിംഗിനിടയിലാണ് നടന്നത്. ഈ സർവേകൾ 2020 ലെ കണക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും, ടീനേജ് പ്രായത്തിലുള്ളവരുടെ അക്കൗണ്ടുകൾ സ്വതവേ പ്രൈവറ്റ് ആക്കുക തുടങ്ങിയ സുരക്ഷാ മുൻകരുതലുകൾ പിന്നീട് കമ്പനി നടപ്പിലാക്കിയിട്ടുണ്ടെന്നും ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും വാട്സാപ്പും കൈകാര്യം ചെയ്യുന്ന മെറ്റയുടെ വക്താവ് പ്രതികരിച്ചു. വാട്സാപ്പ് ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം എന്നതിലുപരി സ്വകാര്യ സന്ദേശമയയ്‌ക്കൽ ആപ്പായിട്ടാണ് അറിയപ്പെടുന്നതെന്നും മെറ്റ വ്യക്തമാക്കി.
കുട്ടികൾ നേരിട്ട അതിക്രമങ്ങളിൽ പകുതിയിലേറെയും സുഹൃത്തുക്കൾ, ബന്ധുക്കൾ അല്ലെങ്കിൽ റൊമാന്റിക് പങ്കാളികൾ തുടങ്ങിയ കുട്ടികൾക്ക് നേരത്തെ പരിചയമുള്ളവരിൽ നിന്നാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം, 38 ശതമാനം കുട്ടികളും കുറ്റവാളികളെ ആദ്യമായി കണ്ടുമുട്ടിയത് ഓൺലൈൻ വഴിയാണ്. എന്നാൽ ഇത്തരം സംഭവങ്ങളിൽ ഒന്നുശതമാനത്തിൽ താഴെ കുട്ടികൾ മാത്രമാണ് പൊലീസിലോ സാമൂഹിക പ്രവർത്തകരിലോ ഹെൽപ്പ്‌ലൈനിലോ വിവരം അറിയിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ) വളർച്ചയും വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. ഡാറ്റ ശേഖരിച്ച ഒൻപത് രാജ്യങ്ങളിലായി, എ.ഐ നിർമ്മിത ലൈംഗിക ചിത്രങ്ങളോ വീഡിയോകളോ തനിക്കെതിരെ ഉണ്ടാക്കപ്പെട്ടതായി ഏകദേശം 1.1 മില്യൺ കുട്ടികൾ വ്യക്തമാക്കിയിട്ടുണ്ട്.
സാങ്കേതികവിദ്യയിലൂടെയുള്ള ലൈംഗിക ചൂഷണത്തിന് ഇരയാകുന്ന കുട്ടികളിൽ ആത്മഹത്യാ ചിന്തകളോ സ്വയം ഉപദ്രവിക്കാനുള്ള പ്രവണതയോ മറ്റുള്ളവരെ അപേക്ഷിച്ച് നാലിരട്ടി കൂടുതലാണെന്നും കടുത്ത ഉത്കണ്ഠ അനുഭവപ്പെടുന്നുണ്ടെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ഈ അനുഭവങ്ങൾ കുട്ടികളിൽ കടുത്ത മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ടെന്നും പല കുട്ടികളും സഹായം തേടാനാവാതെ നിശബ്ദരായി കഷ്ടപ്പെടുകയാണെന്നും യുണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസ്സൽ പ്രസ്താവനയിൽ പറഞ്ഞു. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ സുരക്ഷാ നടപടികൾ ശക്തമാക്കാനും, എ.ഐ നിർമ്മിത ഉള്ളടക്കങ്ങൾ ഉൾപ്പെടെയുള്ള പുതിയ രൂപത്തിലുള്ള അതിക്രമങ്ങളെ നേരിടാൻ നിയമങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കാനും, കുട്ടികളുടെ സംരക്ഷണ സംവിധാനങ്ങൾ മെച്ചപ്പെടുത്താനും സർക്കാരുകളോടും സാങ്കേതിക കമ്പനികളോടും UNICEF ആവശ്യപ്പെട്ടു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








