ഒഷാവ: ഒഷാവയിൽ കോഫി ഷോപ്പിന് മുന്നിലുണ്ടായ സംഘർഷത്തിനിടെ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ 16 വയസ്സുകാരൻ പോലീസിൽ കീഴടങ്ങി. ബ്രാംപ്ടൺ സ്വദേശിയായ കൗമാരക്കാരനെതിരെ രണ്ടാം ഡിഗ്രി കൊലപാതകക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ശനിയാഴ്ച രാത്രി ഒഷാവയിലെ വിൻചെസ്റ്റർ റോഡ് ഈസ്റ്റിന് സമീപമുള്ള ടിം ഹോർട്ടൺസ് ഔട്ട്‌ലെറ്റിന് മുന്നിലായിരുന്നു നാടിനെ നടുക്കിയ സംഭവം.
ശനിയാഴ്ച രാത്രി 8:10-ഓടെയാണ് സിംകോ സ്ട്രീറ്റ് നോർത്തിലെ കോഫി ഷോപ്പിന് സമീപം ആയുധധാരികളായ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്നതായി ഡർഹാം റീജിയണൽ പോലീസിന് വിവരം ലഭിക്കുന്നത്. പോലീസ് സ്ഥലത്തെത്തുമ്പോൾ 23 വയസ്സുകാരനായ യുവാവ് ഗുരുതരമായ പരിക്കുകളോടെ രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു. ഉടൻ തന്നെ വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇയാൾ സംഭവസ്ഥലത്തുതന്നെ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട യുവാവിന്റെ പേരുവിവരങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. 2026-ൽ ഡർഹാം മേഖലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ കൊലപാതകമാണിത്.
രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കം കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. അക്രമത്തിന് ശേഷം പ്രതിയും മറ്റ് അംഗങ്ങളും സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ഹെലികോപ്റ്ററുകളും കെ9 യൂണിറ്റും ഉപയോഗിച്ച് പോലീസ് വിപുലമായ തിരച്ചിൽ നടത്തിയെങ്കിലും ശനിയാഴ്ച ആരെയും പിടികൂടാനായിരുന്നില്ല. എന്നാൽ, തിങ്കളാഴ്ചയോടെ ബ്രാംപ്ടണിൽ നിന്നുള്ള 16-കാരൻ ഒഷാവയിലെ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. ‘യൂത്ത് ക്രിമിനൽ ജസ്റ്റിസ് ആക്ട്’ പ്രകാരം പ്രതി പ്രായപൂർത്തിയാകാത്ത ആളായതിനാൽ പേരുവിവരങ്ങൾ വെളിപ്പെടുത്താൻ നിയമപരമായ തടസ്സമുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും നിലവിൽ പൊതുജനങ്ങൾക്ക് മറ്റ് സുരക്ഷാ ഭീഷണികളില്ലെന്നും ഡർഹാം പോലീസ് വ്യക്തമാക്കി. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നവർ, ഡാഷ് ക്യാം ദൃശ്യങ്ങളോ സിസിടിവി ദൃശ്യങ്ങളോ കൈവശമുള്ളവർ എന്നിവർ അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന് ഹോമിസൈഡ് യൂണിറ്റിലെ ഡിറ്റക്ടീവ് ലോറ മിഡിൽടൺ അഭ്യർത്ഥിച്ചു. പ്രതിയെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനായി കോടതിയിൽ ഹാജരാക്കി. കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
16-year-old arrested in Oshawa coffee shop stabbing death
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




