ഒട്ടാവ: കാനഡ-യു എസ് -മെക്സിക്കോ കരാർ (CUSMA) തകരുകയാണെങ്കിൽ അതിർത്തിയുടെ ഇരുവശത്തും വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമെന്ന് പുതിയ റിപ്പോർട്ട്. ഇത്തരമൊരു സാഹചര്യം ഉണ്ടായാൽ കാനഡയിൽ 1,02,000 തൊഴിലവസരങ്ങളും അമേരിക്കയിൽ 2,14,000 തൊഴിലവസരങ്ങളും നഷ്ടപ്പെടാൻ സാധ്യതയുണ്ട്. കൂടാതെ 2035-ഓടെ കാനഡയുടെ ജി.ഡി.പിയിൽ 271 ബില്യൺ കനേഡിയൻ ഡോളറിന്റെയും അമേരിക്കൻ സമ്പദ്വ്യവസ്ഥയിൽ 1.04 ട്രില്യൺ യു.എസ്. ഡോളറിന്റെയും കുറവുണ്ടാകും. ഇത് പണപ്പെരുപ്പം ഉയർത്താനും സാധാരണക്കാരായ ജനങ്ങളുടെ കുടുംബവരുമാനത്തെ പ്രതികൂലമായി ബാധിക്കാനും ഇടയാക്കും.
കരാർ നിലനിർത്തിയാലുള്ള നേട്ടങ്ങൾ
മറുവശത്ത് CUSMA കരാർ വിജയകരമായി പുനഃചർച്ച ചെയ്ത് നിലനിർത്തുകയാണെങ്കിൽ ഇരുരാജ്യങ്ങൾക്കും വലിയ നേട്ടമുണ്ടാകുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. കരാർ തുടരുകയാണെങ്കിൽ കാനഡയിൽ 98,000 പുതിയ തൊഴിലവസരങ്ങളും അമേരിക്കയിൽ 1,37,000 തൊഴിലവസരങ്ങളും പുതുതായി സൃഷ്ടിക്കപ്പെടും. ഇതിലൂടെ കുറഞ്ഞ പണപ്പെരുപ്പവും ഉയർന്ന കുടുംബവരുമാനവും സാമ്പത്തിക വളർച്ചയും കൈവരിക്കാൻ ഇരുരാജ്യങ്ങൾക്കും സാധിക്കും.
സമയപരിധിയും വ്യാപാര ചർച്ചകളും
ഓഗസ്റ്റ് 19 എത്തുന്നതോടെ തീരുവ സംബന്ധിച്ച തീരുമാനത്തിൽ ഇരുരാജ്യങ്ങളും എത്തേതുണ്ട്. സമയപരിധിക്കുള്ളിൽ കരാർ ഉണ്ടായില്ലെങ്കിൽ കാനഡയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അധികമായി 50 ശതമാനം തീരുവ ഏർപ്പെടുത്താൻ അമേരിക്ക ആലോചിക്കുന്നുണ്ട്. നിലവിൽ കാനഡ–അമേരിക്ക വ്യാപാര മന്ത്രി ഡൊമിനിക് ലെബ്ലാങ്കും യു.എസ്. ട്രേഡ് പ്രതിനിധി ജാമിസൺ ഗ്രീറും തമ്മിൽ ചർച്ചകൾ തുടരുകയാണ്. സമയപരിധിക്ക് മുൻപ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നിൽ അവതരിപ്പിക്കാൻ സാധിക്കുന്ന സമഗ്രമായ കരാറിലെത്താനാണ് ഇരുവിഭാഗത്തിന്റെയും ശ്രമം.
ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്ന മേഖലകൾ
വ്യാപാരബന്ധത്തിലുണ്ടാകുന്ന മോശം മാറ്റങ്ങൾ ചില പ്രവിശ്യകളെയും സംസ്ഥാനങ്ങളെയും കൂടുതൽ പ്രതികൂലമായി ബാധിക്കും. കാനഡയിലെ പ്രധാന നിർമാണ കേന്ദ്രങ്ങളായ ഒന്റാറിയോ, ക്യുബെക് എന്നിവയെയും ഓട്ടോമൊബൈൽ, പേപ്പർ, മര ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക്സ്, പ്ലാസ്റ്റിക് വ്യവസായങ്ങളെയും ഇത് കാര്യമായി ബാധിക്കും. അമേരിക്കയിൽ നിർമാണമേഖലയെ ആശ്രയിക്കുന്ന മിഷിഗൺ, അയോവ, കെന്റക്കി, അലബാമ തുടങ്ങിയ സംസ്ഥാനങ്ങൾക്കായിരിക്കും കൂടുതൽ തിരിച്ചടി നേരിടേണ്ടി വരിക.
ഭാവി സാധ്യതകളും ആശങ്കകളും
അമേരിക്കൻ കയറ്റുമതിയെ കൂടുതലായി ആശ്രയിക്കുന്ന വിപണികളിൽ പ്രവർത്തിക്കുന്ന കമ്പനികളാണ് നിലവിൽ കൂടുതൽ അപകടസാധ്യത നേരിടുന്നത്. ചർച്ചകളുടെ അന്തിമ ഫലം ഇരുരാജ്യങ്ങളിലെയും സാധാരണക്കാരുടെ തൊഴിലിനെയും നിത്യജീവിത ചെലവുകളെയും നേരിട്ട് ബാധിക്കും. ഓഗസ്റ്റ് 19-ലെ സമയപരിധി അടുത്തെത്തിനിൽക്കെ, ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഈ സാമ്പത്തിക ബന്ധം സംരക്ഷിക്കാൻ ഇരുരാജ്യങ്ങളും എന്തുമാത്രം വിട്ടുവീഴ്ചയ്ക്ക് തയാറാകുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
What happens if the CUSMA agreement collapses? New economic report issues a warning.





