ഒസ്‌ലോ: റഷ്യൻ മിസൈൽ ആക്രമണങ്ങളെക്കുറിച്ചുള്ള യുഎസ് രഹസ്യാന്വേഷണ വിവരങ്ങൾ ഉക്രെയ്ന് കൃത്യമായി ലഭിച്ചുതുടങ്ങിയതായി പ്രസിഡന്റ് വ്ലോഡിമിർ സെലൻസ്കി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫുമായി നോർവേ തലസ്ഥാനമായ ഒസ്‌ലോയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സെലൻസ്കിയുടെ പ്രതികരണം. അതിമാരകമായ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളെക്കുറിച്ച് മുൻകൂട്ടി മുന്നറിയിപ്പ് ലഭിക്കുന്നത് സാധാരണക്കാരായ പൗരന്മാരുടെയും കുട്ടികളുടെയും ജീവൻ രക്ഷിക്കാൻ അത്യന്താപേക്ഷിതമാണെന്നും നിലവിൽ യുഎസ് രഹസ്യാന്വേഷണ സഹകരണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നയതന്ത്ര ചർച്ചകളിൽ പുരോഗതിയുണ്ടായെങ്കിലും സമാധാനം കൈവരിക്കാൻ ഇനിയും ക്ഷമ ആവശ്യമാണെന്ന് കൂടിക്കാഴ്ചയിൽ പങ്കെടുത്ത ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ് മുന്നറിയിപ്പ് നൽകി. ഒസ്‌ലോയിൽ രൂപീകരിച്ച നിർദ്ദേശങ്ങളോട് റഷ്യ ഇനി എങ്ങനെ പ്രതികരിക്കുമെന്നതാണ് നിർണായകമെന്ന് സെലൻസ്കിയും യൂറോപ്യൻ സഖ്യകക്ഷികളും ചൂണ്ടിക്കാട്ടി. നിർദ്ദേശങ്ങളുമായി വിറ്റ്‌കോഫ് ബുധനാഴ്ച സെന്റ് പീറ്റേഴ്‌സ്ബർഗിൽ റഷ്യൻ അധികൃതരുമായി ചർച്ച നടത്തും. അമേരിക്കൻ പ്രതിനിധിയായി ജാരെഡ് കുഷ്നർ വീഡിയോ ലിങ്ക് വഴി ഒസ്‌ലോ യോഗത്തിൽ പങ്കെടുത്തു.
സമാധാന ശ്രമങ്ങളുമായി ബന്ധപ്പെട്ട് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി സ്റ്റീവ് വിറ്റ്‌കോഫ് കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് വക്താവ് സ്ഥിരീകരിച്ചു. നിർദ്ദേശങ്ങൾ കേൾക്കാൻ തയ്യാറാണെന്നും എന്നാൽ രാഷ്ട്രീയപരമായ യാതൊരു വിട്ടുവീഴ്ചകൾക്കും തയ്യാറല്ലെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഉക്രെയ്നിൽ ഡ്രോൺ ആക്രമണങ്ങൾ ശക്തമായി തുടരുകയാണ്. ചൊവ്വാഴ്ച നടന്ന ആക്രമണങ്ങളിൽ തലസ്ഥാനമായ കീവിലും ഡോണെറ്റ്സ്ക്, ഡിനിപ്രോ മേഖലകളിലുമായി പത്ത് പേർ കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ കുറച്ചു ആഴ്ചകളായി അമേരിക്കയും ഉക്രെയ്നും തമ്മിലുള്ള ബന്ധത്തിൽ കടുത്ത വിള്ളലുകൾ വീണിരുന്നു. ഉക്രെയ്ൻ പുതിയൊരു പ്രസിഡന്റിനെ കണ്ടെത്തണമെന്നും ചർച്ചകൾക്കായി മറ്റാരെയെങ്കിലും ചുമതലപ്പെടുത്തണമെന്നും ട്രംപ് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. യുഎസ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ധനവില വർധിച്ചതിന് റഷ്യൻ എണ്ണ ശുദ്ധീകരണ ശാലകൾക്ക് നേരെയുള്ള ഉക്രെയ്ന്റെ ആക്രമണങ്ങളാണ് കാരണമെന്നും ട്രംപ് കുറ്റപ്പെടുത്തി. ഉക്രെയ്ൻ എത്രയും വേഗം കരാറിലെത്തി യുദ്ധം അവസാനിപ്പിക്കണമെന്ന നിലപാടാണ് ട്രംപ് വീണ്ടും ആവർത്തിക്കുന്നത്.
റഷ്യ ആക്രമണം തുടരുന്നതിനാൽ ആളുകളെ നഷ്ടപ്പെടുന്നുണ്ടെങ്കിലും ഉക്രെയ്ൻ യുദ്ധത്തിൽ തോറ്റിട്ടില്ലെന്ന് സെലൻസ്കി പറഞ്ഞു. ശക്തമായ സുരക്ഷാ ഉറപ്പുകളും ഊർജ്ജ മേഖലയിലെ വെടിനിർത്തലുമാണ് ഒസ്‌ലോയിൽ ചർച്ചയായത്. ഇതോടൊപ്പം, ഡ്രോൺ ആക്രമണങ്ങൾക്കായി ഉക്രെയ്ൻ സൈന്യം ഉപയോഗിക്കുന്ന സാറ്റലൈറ്റ് ശൃംഖലയായ സ്റ്റാർലിങ്കിന്റെ വേഗത കുറച്ചതിലുള്ള ആശങ്കയും സെലൻസ്കി പങ്കുവെച്ചു. എന്നാൽ മിസൈൽ പ്രതിരോധ സംവിധാനങ്ങളോ മറ്റ് സഹായങ്ങളോ ഉക്രെയ്ന് ബോധപൂർവ്വം നിഷേധിച്ചിട്ടില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z




