ന്യൂ ബ്രൺസ്വിക്: ന്യൂ ബ്രൺസ്‌വിക്കിൽ യുവ നഴ്സുമാരെ നിലനിർത്തുന്നതിൽ അതീവ ഗുരുതരമായ പ്രതിസന്ധി നേരിടുന്നതായി പുതിയ റിപ്പോർട്ട്. എക്കണോമിക് ഇൻസ്റ്റിറ്റ്യൂട്ട് (MEI) പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്, 35 വയസ്സിന് താഴെയുള്ള ഓരോ 100 നഴ്സുമാർ തൊഴിൽ സേനയിൽ ചേരുമ്പോഴും 62 പേർ പ്രവിശ്യ വിട്ടുപോകുകയാണ്. യുവ നഴ്സുമാരെ നിലനിർത്തുന്നതിൽ കാനഡയിൽ ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോറിന് (100 പേർക്ക് 98 പേർ വിട്ടുപോകുന്നു) ശേഷം ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന രണ്ടാമത്തെ പ്രവിശ്യയാണ് ന്യൂ ബ്രൺസ്‌വിക്ക്. ‘The Evolution of the Nursing Supply in Canada’ എന്ന പേരിലുള്ള ഈ റിപ്പോർട്ട്, പ്രവിശ്യയുടെ ആരോഗ്യപരിപാലന സംവിധാനത്തിന് വലിയ ഭീഷണിയാണെന്ന് മുന്നറിയിപ്പ് നൽകുന്നു.
ഈ സാഹചര്യത്തെ ‘കൂട്ടപ്പലായനം’ എന്നാണ് റിപ്പോർട്ടിന്റെ സഹ-രചയിതാവായ സാമ്പത്തിക വിദഗ്ദ്ധ എംമാനുവൽ ഫോബർട്ട് വിശേഷിപ്പിച്ചത് . ഇത് നിലവിലുള്ള നഴ്സുമാർക്ക് വലിയ ജോലിഭാരമുണ്ടാക്കുകയും മാനസിക പിരിമുറുക്കം വർദ്ധിപ്പിക്കുകയും ചെയ്യും. ഇത് ഒടുവിൽ രോഗി പരിചരണത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. 2022-ലെ കണക്കുകളേക്കാൾ ഈ ഒഴുക്കിൽ നേരിയ കുറവുണ്ടായെങ്കിലും, ന്യൂ ബ്രൺസ്‌വിക്കിൽ യുവ നഴ്സുമാരുടെ കൊഴിഞ്ഞുപോക്കിൽ 2014 മുതൽ 37 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. 2023-ൽ 804 പുതിയ നഴ്സുമാർ ജോലിയിൽ പ്രവേശിച്ചപ്പോൾ 498 പേർ വിട്ടുപോയി.
കനേഡിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ഇൻഫർമേഷൻ (CIHI) ഡാറ്റ പ്രകാരം, ദേശീയ തലത്തിൽ യുവ നഴ്സുമാരുടെ കൊഴിഞ്ഞുപോക്കിന്റെ ശരാശരി ഓരോ 100 പേർക്കും 40 എന്ന നിലയിലാണ്. കഴിഞ്ഞ ദശാബ്ദത്തിൽ ബ്രിട്ടീഷ് കൊളംബിയയും ക്യൂബെക്കും മാത്രമാണ് നഴ്സുമാരെ നിലനിർത്തുന്നതിൽ മെച്ചപെട്ട് നിന്നത് . അതേസമയം, കാനഡയിലുടനീളമുള്ള നഴ്സിങ് ഒഴിവുകൾ അഞ്ച് വർഷത്തിനിടെ മൂന്നിരട്ടിയായി വർദ്ധിച്ചു. 2018-ലെ ഏകദേശം 13,000-ത്തിൽ നിന്ന് 2023-ൽ 41,000-ത്തിലധികമായി ഒഴിവുകൾ ഉയർന്നു. ഇന്നത്തെ യുവ നഴ്സുമാരുടെ നഷ്ടം ഭാവിയിൽ പരിചയസമ്പന്നരായ നഴ്സുമാരുടെ ലഭ്യതയെ ബാധിക്കുമെന്നതിനാൽ ഈ നഷ്ടം താങ്ങാനാവില്ലെന്ന് ഫോബർട്ട് ഊന്നിപ്പറഞ്ഞു.
ദുഷ്കരമായ തൊഴിൽ സാഹചര്യങ്ങളാണ് നഴ്സുമാരുടെ കൊഴിഞ്ഞുപോക്കിന് പ്രധാന കാരണമെന്ന് ഫോബർട്ട് അഭിപ്രായപ്പെട്ടു. നിർബന്ധിത അധിക ജോലി സമയം, തൊഴിലിടത്തെ അതിക്രമം, കടുത്ത മാനസിക പിരിമുറുക്കം എന്നിവ നഴ്സുമാർക്കിടയിൽ കൂടുതലാണെന്ന് 2025-ലെ ഒരു സർവേയും ചൂണ്ടിക്കാട്ടുന്നു. ഈ പ്രശ്നങ്ങൾക്ക് പരിഹാരമായി, വേതനം, ആനുകൂല്യങ്ങൾ, ജോലി-ജീവിത ബാലൻസ് എന്നിവ മെച്ചപ്പെടുത്തുന്നതിനായി ആരോഗ്യമേഖലയിൽ കൂടുതൽ സ്വകാര്യവൽക്കരണവും മത്സരവും കൊണ്ടുവരാൻ അവർ നിർദ്ദേശിച്ചു. കൂടാതെ, ഭരണപരമായ ജോലിഭാരം കുറയ്ക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗപ്പെടുത്തണമെന്നും അവർ നിർബന്ധിച്ചു.
ബ്രിട്ടീഷ് കൊളംബിയയെ ഒരു മാതൃകയായി ചൂണ്ടിക്കാട്ടി, നഴ്സുമാർക്ക് ഷിഫ്റ്റുകൾ പരസ്പരം കൈമാറ്റം ചെയ്യാനുള്ള സൗകര്യവും അന്താരാഷ്ട്ര പരിശീലനം ലഭിച്ച നഴ്സുമാർക്ക് വേഗത്തിൽ ലൈസൻസ് നൽകാനുള്ള നടപടികളും നഴ്സുമാരെ നിലനിർത്താൻ സഹായിക്കുന്ന പ്രധാന തന്ത്രങ്ങളാണെന്ന് ഫോബർട്ട് പറഞ്ഞു. “ഒരു നഴ്സ് എവിടെ ജോലി ചെയ്യുന്നു എന്നത് പ്രശ്നമല്ല. അവർ രോഗികളെ ചികിത്സിക്കുകയും സഹായിക്കുകയും ചെയ്യുന്നു… അതാണ് നമുക്ക് ആവശ്യം,” അവർ കൂട്ടിച്ചേർത്തു.
ന്യൂ ബ്രൺസ്വിക്കിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/HyRKKiQdEL3Iq9xsG3xMrr
Young nurses are leaving the country in droves in NB






