ടൊറന്റോ: 2026 ഫിഫ ലോകകപ്പിന്റെ റൗണ്ട് ഓഫ് 32 മത്സരങ്ങൾ അടുത്തതോടെ കാനഡയിലെ വിവിധ വേദികളിൽ ടിക്കറ്റ് നിരക്കിൽ വൻ വിത്യാസം അനുഭവപ്പെടുന്നു. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ അണിനിരക്കുന്ന പോർച്ചുഗൽ–ക്രൊയേഷ്യ മത്സരത്തിന് ടൊറന്റോയിൽ ടിക്കറ്റ് വില കുതിച്ചുയർന്നപ്പോൾ, ആതിഥേയരായ കാനഡ നോക്കൗട്ട് ഘട്ടത്തിൽ കാനഡയിൽ കളിക്കില്ലെന്ന് ഉറപ്പായതോടെ വാൻകൂവറിലെ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഇടിഞ്ഞു. വ്യാഴാഴ്ച ടൊറന്റോയിൽ നടക്കുന്ന പോർച്ചുഗൽ–ക്രൊയേഷ്യ പോരാട്ടത്തിന്റെ ടിക്കറ്റുകൾക്ക്, വാൻകൂവറിലെ ബിസി പ്ലേസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തേക്കാൾ ഏകദേശം നാലിരട്ടിയോളം വിലയാണ് നിലവിലുള്ളത്.
കഴിഞ്ഞ ബുധനാഴ്ച നടന്ന മത്സരത്തിൽ സ്വിറ്റ്സർലൻഡിനോട് തോറ്റ് കാനഡ പുറത്തായതാണ് വാൻകൂവറിലെ ടിക്കറ്റ് വിപണിക്ക് തിരിച്ചടിയായത്. ആതിഥേയരായ കാനഡയുടെ നോക്കൗട്ട് മത്സരം കാണാമെന്ന പ്രതീക്ഷയോടെ കാത്തിരുന്ന ആരാധകർ ഇതോടെ നിരാശരായി. വാൻകൂവറിൽ ഇനി സ്വിറ്റ്സർലൻഡും അൾജീരിയയും തമ്മിലാണ് മത്സരം നടക്കുക. ടിക്കറ്റ് വില നിരീക്ഷിക്കുന്ന ‘ടിക്കറ്റ് ഡാറ്റ’ (TicketData) വെബ്സൈറ്റിന്റെ കണക്കുകൾ പ്രകാരം, വാൻകൂവറിലെ മത്സരത്തിന് കഴിഞ്ഞ ബുധനാഴ്ച 2100 ഡോളർ ആയിരുന്ന ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്, തിങ്കളാഴ്ചയായപ്പോഴേക്കും വെറും 700 ഡോളറായി കുറഞ്ഞു.
മറുവശത്ത്, റൊണാൾഡോയെ നേരിട്ട് കാണാൻ ആരാധകർ കൂട്ടത്തോടെ എത്തിയതോടെ ടൊറന്റോയിലെ പോർച്ചുഗൽ–ക്രൊയേഷ്യ മത്സരത്തിന്റെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് വില 2550 ഡോളർ വരെയായി ഉയർന്നു. ഫിഫയുടെ ഔദ്യോഗിക റീസെയിൽ സൈറ്റിലെ വിവരങ്ങൾ പ്രകാരം, ഈ റൗണ്ടിലെ മത്സരങ്ങളിൽ ഒരു ടിക്കറ്റ് പോലും ബാക്കിയില്ലാതെ മുഴുവനായും വിറ്റുതീർന്ന ഒരേയൊരു കളിയും ഇതുമാത്രമാണ്. അതേസമയം, വാൻകൂവറിലെ മത്സരത്തിന് വെറും 575 ഡോളർ മുതൽ ഇപ്പോൾ ടിക്കറ്റുകൾ കിട്ടാനുണ്ട്. എന്നാൽ ശനിയാഴ്ച ഹൂസ്റ്റണിൽ നടക്കുന്ന അടുത്ത റൗണ്ട് മത്സരത്തിൽ കാനഡ കളിക്കുന്നതിനാൽ, അവിടുത്തെ ടിക്കറ്റുകൾക്ക് ഇപ്പോഴും 1200 ഡോളറോളം ഉയർന്ന വില തുടരുന്നുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Ronaldo effect; World Cup ticket prices soar in Toronto, rates drop sharply in Vancouver






