മൊഗാദിഷു: 2026 ഫിഫ ലോകകപ്പിൽ മത്സരങ്ങൾ നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ട സൊമാലിയൻ ഫുട്ബോൾ റഫറി ഒമർ ആർട്ടാന് അമേരിക്കൻ അധികൃതർ പ്രവേശനാനുമതി നിഷേധിച്ചു. ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന ആരോപണം ഉന്നയിച്ചാണ് യു.എസ്. കുടിയേറ്റ വകുപ്പ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ വിമാനത്താവളത്തിൽ തടഞ്ഞത്. ആവശ്യമായ എല്ലാ യാത്രാരേഖകളും കൈവശമുണ്ടായിരുന്നിട്ടും പ്രവേശനം അനുവദിക്കാത്തതിനെ തുടർന്ന് അദ്ദേഹത്തിന് സൊമാലിയയിലേക്ക് തന്നെ മടങ്ങേണ്ടി വന്നു. ഇതോടെ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി മത്സരങ്ങൾ നിയന്ത്രിക്കുന്ന സൊമാലിയൻ റഫറി എന്ന ചരിത്രനേട്ടമാണ് ഒമർ ആർട്ടാന് നഷ്ടമായത്.
അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് മത്സരങ്ങൾക്കായി യാത്ര തിരിച്ചതായിരുന്നു ഒമർ ആർട്ടാൻ. എന്നാൽ അമേരിക്കൻ അധികൃതർ ഉന്നയിച്ച ആരോപണങ്ങൾ അദ്ദേഹം പൂർണ്ണമായും നിഷേധിച്ചിട്ടുണ്ട്. യു.എസിന്റെ യാത്രാവിലക്ക് പട്ടികയിലുള്ള 12 രാജ്യങ്ങളിൽ ഒന്നാണ് നിലവിൽ സൊമാലിയ. പ്രവേശന വിലക്കുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ അന്താരാഷ്ട്ര ഫുട്ബോൾ സംഘടനയായ ഫിഫ (FIFA) ഇടപെടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, ഒരു രാജ്യത്തിന്റെ കുടിയേറ്റ നിയമങ്ങളിലും തീരുമാനങ്ങളിലും ഇടപെടാൻ തങ്ങൾക്ക് കഴിയില്ലെന്ന് ഫിഫ നേതൃത്വം വ്യക്തമാക്കി.
വിസ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് സൊമാലിയയിൽ തിരിച്ചെത്തിയ ഒമർ ആർട്ടാന് മൊഗാദിഷു വിമാനത്താവളത്തിൽ വലിയ സ്വീകരണമാണ് ലഭിച്ചത്. കായിക രംഗത്തുള്ളവരും പൊതുജനങ്ങളും ഉൾപ്പെടെ നിരവധി പേർ അദ്ദേഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിമാനത്താവളത്തിൽ എത്തിയിരുന്നു. എല്ലാ രാജ്യങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് ചരിത്രത്തിലെ ഏറ്റവും വലിയ ടൂർണമെന്റായി ഈ ലോകകപ്പിനെ മാറ്റുമെന്ന് ഫിഫ നേരത്തെ പ്രഖ്യാപിച്ചിരുന്ന പശ്ചാത്തലത്തിലാണ് ഈ സംഭവം നടക്കുന്നത്. ടിക്കറ്റ് നിരക്കിലെ വർദ്ധനവ്, കർശനമായ വിസാനിയമങ്ങൾ എന്നിവ കാരണം കായികപ്രേമികൾക്കിടയിൽ നേരത്തെ തന്നെ ചർച്ചയായ ടൂർണമെന്റിൽ പുതിയ വിവാദങ്ങൾക്ക് ഈ സംഭവം കാരണമായിട്ടുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Banned over alleged terror links: World Cup referee Omar Artan denied entry to US










