ന്യൂജേഴ്‌സി; ലോക ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന ലോകകപ്പ് ഫൈനലിലെ ഹാഫ്‌ടൈം സംഗീതപരിപാടിയുടെ ദൈർഘ്യം 11 മിനിറ്റായിരിക്കുമെന്ന് സംഘാടകർ സ്ഥിരീകരിച്ചു. ജൂലൈ 19-ന് ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ കാനഡൻ പോപ്പ് താരം ജസ്റ്റിൻ ബീബറും വേദിയിലെത്തും. മഡോണ, ഷക്കീറ, BTS, ബർണ ബോയ്, ഗുസ്താവോ ഡുഡമേൽ എന്നിവരടങ്ങുന്ന ശ്രദ്ധേയമായ താരനിരയിലേക്കാണ് ബീബറിന്റെ പേര് പുതുതായി ചേർത്തിരിക്കുന്നത്.
പരിപാടിയുടെ കലാസംവിധാനം കോൾഡ്‌പ്ലേയുടെ ക്രിസ് മാർട്ടിനാണ് നിർവഹിക്കുന്നത്. ഹാഫ്‌ടൈം ഷോ ഉൾപ്പെടുത്തുന്നതോടെ ഇടവേള നീളുമോ എന്ന ആശങ്കകൾ ഇതിനുമുമ്പ് ഉയർന്നിരുന്നു. ഫുട്ബോൾ നിയമപ്രകാരം ഹാഫ്‌ടൈം സാധാരണയായി 15 മിനിറ്റിൽ കവിയരുതെങ്കിലും, സംഗീതപരിപാടിക്കായി വേദി ഒരുക്കുന്നതും പിന്നീട് നീക്കം ചെയ്യുന്നതും ഉൾപ്പെടെയുള്ള നടപടികൾ കാരണം ഇടവേള കുറച്ചുകൂടി ദൈർഘ്യമാകാൻ സാധ്യതയുണ്ട്. എന്നാൽ ഹാഫ്‌ടൈം ഷോ മാത്രം 25 മിനിറ്റ് വരെ നീളുമെന്ന പ്രചാരണങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് 11 മിനിറ്റ് ദൈർഘ്യം ഔദ്യോഗികമായി വ്യക്തമാക്കിയത്.
കഴിഞ്ഞ വർഷം ഇതേ സ്റ്റേഡിയത്തിൽ നടന്ന ക്ലബ് ലോകകപ്പ് ഫൈനലിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ഹാഫ്‌ടൈം ഷോ ഇടവേള 24 മിനിറ്റിലേറെയായി നീണ്ടത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. സെസമി സ്ട്രീറ്റിലെയും ദ മപ്പെറ്റ്സിലെയും കഥാപാത്രങ്ങളും പരിപാടിയുടെ ഭാഗമാകും. ലോകമെമ്പാടുമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 100 മില്യൺ ഡോളർ സമാഹരിക്കാൻ ലക്ഷ്യമിടുന്ന FIFAയുടെ ഗ്ലോബൽ സിറ്റിസൺ എജുക്കേഷൻ ഫണ്ടിനാണ് പരിപാടിയിലൂടെ പിന്തുണ ലഭിക്കുക.
ലോകകപ്പ് കോടിക്കണക്കിന് ആളുകളെ ഒരുമിപ്പിക്കുന്ന അപൂർവ വേദിയാണെന്നും, വിദ്യാഭ്യാസത്തിനായുള്ള ഈ സംരംഭത്തിന്റെ ഭാഗമാകുന്നതിൽ സന്തോഷമുണ്ടെന്നും ജസ്റ്റിൻ ബീബർ പ്രതികരിച്ചു. ലോക സംഗീതചരിത്രത്തിൽ ഏറ്റവും കൂടുതൽ പേർ തത്സമയം കാണാൻ സാധ്യതയുള്ള 11 മിനിറ്റ് ദൈർഘ്യമുള്ള സംഗീതപരിപാടിയാകാൻ ഇതിന് സാധ്യതയുണ്ടെന്നാണ് ഗ്ലോബൽ സിറ്റിസൺ അധികൃതരും വിലയിരുത്തുന്നത്.
World Cup final set to make history in 11 minutes; major stars, including Justin Bieber, to take the stage.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






