മോൺട്രിയൽ: തൊഴിലിനിടെയുണ്ടായ അപകടത്തിൽ ബ്രെസ്റ്റ് ഇംപ്ലാന്റിന് കേടുപാടുകൾ സംഭവിച്ചത് ജോലിസ്ഥലത്തെ പരിക്കായി കണക്കാക്കാമെന്ന് ക്യുബെക് ലേബർ ട്രിബ്യൂണൽ വിധിച്ചു. സിറ്റി ഓഫ് കിർക്ക്ലാൻഡിലെ തോട്ടം തൊഴിലാളിക്കാണ് ഈ നിർണായക അനുകൂല വിധി ലഭിച്ചത്. 2023 ഏപ്രിൽ 17-നായിരുന്നു സംഭവം. നഗരസഭയിലെ തോട്ടം തൊഴിലാളിയായ സ്ത്രീ, മരച്ചില്ലകൾ വുഡ് ചിപ്പർ മെഷീനിൽ ഇടുന്നതിനിടെ ഒരു വലിയ ചില്ല പെട്ടെന്ന് തെറിച്ച് അവരുടെ വലത് നെഞ്ചിൽ ശക്തിയായി അടിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ വലതുവശത്തെ ബ്രെസ്റ്റ് ഇംപ്ലാന്റിന് ചെറിയ കീറൽ സംഭവിച്ചതായി കണ്ടെത്തി. സർക്കാർ ആശുപത്രികളിൽ ഈ ശസ്ത്രക്രിയ ലഭ്യമല്ലാത്തതിനാൽ അവർ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടുകയായിരുന്നു. രണ്ട് ഇംപ്ലാന്റുകളും മാറ്റിവെക്കേണ്ടി വന്നതിനാൽ ഇതിന്റെ ചെലവ് തൊഴിലുടമ നൽകണമെന്ന് ആവശ്യപ്പെട്ട് അവർ തൊഴിൽ സുരക്ഷാ ബോർഡിനെ (CNESST) സമീപിച്ചു.
എന്നാൽ ബ്രെസ്റ്റ് ഇംപ്ലാന്റ് ജീവനുള്ള കോശമല്ലാത്തതിനാൽ ഇത് ജോലിസ്ഥലത്തെ പരിക്കായി കണക്കാക്കാനാകില്ലെന്നായിരുന്നു തൊഴിലുടമയുടെ വാദം. എന്നാൽ ഈ വാദം തള്ളിയ ട്രിബ്യൂണൽ, പരിക്കിന്റെ നിർവചനം വിശാലമാണെന്നും ഇത് ശരീരത്തിന് ഏറ്റ പരിക്കായി കാണാമെന്നും വ്യക്തമാക്കി. പൊതുമേഖലയിൽ ചികിത്സ ലഭ്യമല്ലാത്തതിനാൽ സ്വകാര്യ ക്ലിനിക്കിൽ ശസ്ത്രക്രിയ നടത്തിയ വകയിൽ നഷ്ടപരിഹാരത്തിന്റെ ഒരു ഭാഗം നൽകാൻ കോടതി ഉത്തരവിട്ടു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





