ന്യൂ ബ്രൺസ്വിക്കിലെ മോൺക്ടൺ നഗരത്തിന് പുറത്ത് കാട്ടുതീ ആളിപ്പടരുകയാണ്. ഐറിഷ് ടൗൺ നേച്ചർ പാർക്കിന് വടക്കുഭാഗത്താണ് തീ പടർന്നുപിടിച്ചത്.ഏതുസമയത്തും ഒഴിപ്പിക്കൽ ആവശ്യമായി വരാൻ സാധ്യതയുണ്ടെന്നും അതിനാൽ തയ്യാറെടുപ്പുകൾ നടത്തണമെന്നും അധികൃതർ പ്രദേശവാസികൾക്ക് നിർദേശം നൽകി. നിലവിൽ ഒഴിപ്പിക്കലിന് ഔദ്യോഗിക ഉത്തരവ് ഇറക്കിയിട്ടില്ലെങ്കിലും, ആവശ്യമെങ്കിൽ പെട്ടെന്ന് പുറത്തുപോകാൻ കഴിയുന്ന തരത്തിൽ അവശ്യസാധനങ്ങളും വളർത്തുമൃഗങ്ങളെയും തയ്യാറാക്കി വയ്ക്കാനാണ് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.
മക്ആർതർ ലെയ്ൻ സമീപത്തെ 30 ഹെക്ടറിലധികം പ്രദേശത്തേക്കാണ് തീ വ്യാപിച്ചിരിക്കുന്നത്. ഇത് നിയന്ത്രണവിധേയമല്ലെന്ന് അധികൃതർ അറിയിച്ചു. കേപ് ബ്രെട്ടൺ റോഡ്, വീസ്നർ റോഡ്, എൽവുഡ് ഡ്രൈവ്, റോമ വേ എന്നിവിടങ്ങളിലാണ് തീപിടിത്തം ഏറ്റവും കൂടുതൽ ഭീഷണി ഉയർത്തുന്നത്. രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സം ഉണ്ടാകാതിരിക്കാൻ പൊതുജനങ്ങൾ ഈ പ്രദേശങ്ങളിൽ നിന്ന് അകന്നുനിൽക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
അതേസമയം, പ്രവിശ്യയിൽ മിറാമിഷിക്കടുത്തുള്ള ഓൾഡ്ഫീൽഡ് റോഡിൽ മറ്റൊരു വലിയ തീപിടിത്തം ഉണ്ടായിട്ടുണ്ട്. 340 ഹെക്ടറിലധികം പ്രദേശത്ത് പടർന്ന തീ ഹൈവേ 8-ലേക്ക് വ്യാപിച്ചതിനെത്തുടർന്ന് ഗതാഗതവും തടസ്സപ്പെട്ടു. മൂന്ന് വീടുകളിൽ നിന്നും ഒരു കോട്ടേജിൽ നിന്നും ആളുകളെ ഇതിനോടകം ഒഴിപ്പിച്ചിട്ടുണ്ട്. ഏകദേശം 15 വീടുകൾക്ക് ഉയർന്ന ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ തീയണയ്ക്കുന്നത് വെല്ലുവിളി നിറഞ്ഞതാണെന്ന് അധികൃതർ വ്യക്തമാക്കി.
നിലവിൽ ന്യൂ ബ്രൺസ്വിക്കിൽ 12 കാട്ടുതീ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ ഒമ്പതെണ്ണം നിരീക്ഷണത്തിലാണ്. പ്രവിശ്യയിലെ വനപ്രദേശങ്ങളിൽ പ്രവേശിക്കുന്നതിനും മത്സ്യബന്ധനത്തിനും ക്യാമ്പിങ്ങിനും അധികൃതർ താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
1986-ന് ശേഷം ആദ്യമായാണ് ഇത്തരമൊരു ഗുരുതരമായ സ്ഥിതിവിശേഷം ഉണ്ടാകുന്നതെന്നും ഉണങ്ങിയ കാലാവസ്ഥ തീ വേഗത്തിൽ പടരാൻ കാരണമാകുന്നുണ്ടെന്നും നാച്ചുറൽ റിസോഴ്സ് മന്ത്രി ജോൺ ഹെറോൺ അറിയിച്ചു.
Wildfire threat in Moncton; evacuations advised






