ഒട്ടാവ : കാനഡയിലെ കാട്ടുതീയിൽ നിന്നുള്ള പുക യുഎസിലേക്ക് വ്യാപിക്കുന്ന വിഷയത്തിൽ കാനഡയ്ക്കെതിരെ അധിക താരിഫ് ചുമത്തുമെന്നോ നഷ്ടപരിഹാരം ഈടാക്കുമെന്നോ ഉള്ള ഭീഷണി ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ന്യൂജേഴ്സിയിൽ നടന്ന ലോകകപ്പ് ഫൈനൽ മത്സരത്തിനിടെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ, ഞായറാഴ്ച രാത്രി ജോയിന്റ് ബേസ് ആൻഡ്രൂസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. കാനഡയിലെ കാട്ടുതീ കാരണം യുഎസിലെ വായു മലിനമാകുകയാണെന്നും ഇത് തടയാൻ നടപടിയുണ്ടാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
ലോകകപ്പ് ഫൈനൽ മത്സരത്തിലെ വിഐപി ബോക്സിൽ ട്രംപ്, ഭാര്യ മെലാനിയ ട്രംപ്, മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബോം, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ എന്നിവർക്കൊപ്പമാണ് മാർക്ക് കാർണിയും ഭാര്യ ഡയാന ഫോക്സ് കാർണിയും മത്സരം വീക്ഷിച്ചത്. കാനഡയുടെ ഭാഗത്തുനിന്നുള്ള വനപരിപാലന വീഴ്ച യുഎസിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ടെന്ന് കഴിഞ്ഞ ആഴ്ചയും ട്രംപ് ആരോപിച്ചിരുന്നു. കാട്ടുതീ പുകയെത്തുടർന്ന് ഒന്റാറിയോയിലും യുഎസിലെ മിഷിഗൺ, ഒഹായോ, ഇല്ലിനോയി, ന്യൂയോർക്ക്, ഇൻഡ്യാന എന്നിവിടങ്ങളിലും വായു ഗുണനിലവാര മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം, യുഎസിന്റെ ആരോപണങ്ങളെ കനേഡിയൻ പ്രധാനമന്ത്രി തള്ളി. കാനഡ ശുചിത്വ ഊർജ നിക്ഷേപങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ യുഎസ് അതിന് എതിരായി പ്രവർത്തിക്കുകയാണെന്ന് വ്യാഴാഴ്ച മാർക്ക് കാർണി പ്രതികരിച്ചു. യുഎസ് ജനപ്രതിനിധികൾക്ക് ഹ്രസ്വകാല ഓർമ മാത്രമാണുള്ളതെന്ന് ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് വിമർശിച്ചു. കഴിഞ്ഞ വർഷം ജനുവരിയിൽ കാലിഫോർണിയയിൽ ഉണ്ടായ വിനാശകരമായ കാട്ടുതീ സമയത്ത് കാനഡ നൽകിയ പിന്തുണ സഹായമനസ്ഥിതിയോടെ ഓർക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Wildfire smoke crosses border: US moves to impose more tariffs on Canada
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





