ബാങ്കോക്ക്: തെക്കൻ തായ്ലാന്റിലെ നാല് പ്രവിശ്യകളിൽ തീവ്രവാദികളുടെ നേതൃത്വത്തിൽ വ്യാപക ബോംബ്-തീവെപ്പ് ആക്രമണങ്ങൾ. സർക്കാർ കെട്ടിടങ്ങൾ, കടകൾ, വാഹനങ്ങൾ, വൈദ്യുതി പോസ്റ്റുകൾ എന്നിവ ലക്ഷ്യമിട്ട് എഴുപതിലധികം കേന്ദ്രങ്ങളിലാണ് ഒരേസമയം ആക്രമണം നടന്നത്. ശനി, ഞായർ ദിവസങ്ങളിലായി നടന്ന അക്രമ സംഭവങ്ങളിൽ കുറഞ്ഞത് മൂന്ന് പേർക്ക് പരിക്കേറ്റു. നിലവിൽ അക്രമങ്ങളുടെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
നരാത്തിവാത്, യാല, പട്ടാണി, സോങ്ഖ്ല എന്നീ പ്രവിശ്യകളിലായി ആകെ 78 അക്രമ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 40 എണ്ണം നരാത്തിവാതിലും 21 എണ്ണം യാലയിലും 15 എണ്ണം പട്ടാണിയിലും രണ്ടെണ്ണം സോങ്ഖ്ലയിലുമാണ്. നരാത്തിവാതിൽ റെയിൽവേ ട്രാക്കിൽ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ട്രെയിൻ സർവീസുകൾ നിർത്തിവെച്ചു. സ്ഥിതിഗതികൾ രൂക്ഷമായതോടെ നരാത്തിവാതിൽ അധികൃതർ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രധാനമന്ത്രി അനുതിൻ ചാർൺവിരകുൽ സുരക്ഷാ സേനയ്ക്ക് നിർദ്ദേശം നൽകി.
വ്യാപാര സ്ഥാപനങ്ങൾക്കും വൈദ്യുതി സംവിധാനങ്ങൾക്കും നേരെ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് രണ്ട് മാസം മുമ്പ് തന്നെ രഹസ്യാന്വേഷണ വിവരങ്ങൾ ലഭിച്ചിരുന്നതായി ദക്ഷിണ മേഖലയിലെ തായ് സൈനിക കമാൻഡർ ലഫ്റ്റനന്റ് ജനറൽ നൊറാത്തിപ് പോയിനോക്ക് വ്യക്തമാക്കി. ലഹരിമരുന്ന്, കള്ളക്കടത്ത് സംഘങ്ങൾക്കെതിരെയും തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെയും സർക്കാർ നടത്തുന്ന കർശന നടപടികൾക്കുള്ള പ്രതികാരമായാണ് ഈ ആക്രമണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലേഷ്യൻ അതിർത്തിയോട് ചേർന്നുള്ള തായ്ലാന്റിലെ മുസ്ലിം ഭൂരിപക്ഷ മേഖലയിൽ ദശാബ്ദങ്ങളായി ആധിപത്യത്തിനും സ്വയംഭരണത്തിനുമായി വിഘടനവാദി ഗ്രൂപ്പുകൾ പ്രക്ഷോഭം നടത്തുന്നുണ്ട്. 1909-ൽ തായ്ലാന്റിൽ ലയിപ്പിക്കുന്നതിന് മുൻപ് സ്വതന്ത്ര മാലേ സുൽത്താനേറ്റായിരുന്നു പട്ടാണി പ്രവിശ്യ. പ്രധാന വിഘടനവാദി ഗ്രൂപ്പായ ബരിസാൻ റെവലൂസി നാഷണലിന്റെ (BRN) നേതൃത്വത്തിൽ 2004-ൽ ആരംഭിച്ച പ്രക്ഷോഭത്തിൽ ഇതുവരെ 7,800-ലധികം ആളുകളാണ് കൊല്ലപ്പെട്ടത്.
ഈ മേഖലയിൽ ബിആർഎൻ (BRN) ഗ്രൂപ്പുമായി സമാധാന ചർച്ചകൾ പുനരാരംഭിക്കാൻ തായ്ലാന്റ് തയ്യാറെടുക്കുന്നതിനിടെയാണ് നിലവിലെ ആക്രമണങ്ങൾ നടന്നിരിക്കുന്നത്. സമാധാന ചർച്ചകളുടെ ഭാഗമായി രാഷ്ട്രീയവും ഭരണപരവുമായ വിഷയങ്ങളിൽ കൃത്യമായ പരിഹാരം കാണാനാണ് ആഗ്രഹിക്കുന്നതെന്ന് ചീഫ് നെഗോഷ്യേറ്റർ താനുത് സുവർണാനന്ദ ഈ മാസം വ്യക്തമാക്കിയിരുന്നു. 2013-ൽ മലേഷ്യയുടെ മധ്യസ്ഥതയിൽ ആരംഭിച്ച സമാധാന ചർച്ചകൾ പലപ്പോഴും വഴിമുട്ടുകയായിരുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq
Widespread attacks in Thailand: Government institutions and vehicles set on fire; curfew imposed




