ഹാലിഫാക്സ്: തീപിടിത്തമോ മറ്റ് അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാൽ ജനങ്ങൾക്ക് സുരക്ഷിതമായി ഒഴിഞ്ഞുപോകാൻ ആവശ്യത്തിന് റോഡുകളില്ലാത്ത സ്ഥലങ്ങൾ കണ്ടെത്തി ഹാലിഫാക്സ് നഗരസഭ. എച്ച്.ഡി.ആർ (HDR) കോർപ്പറേഷൻ എന്ന കൺസൾട്ടിങ് സംഘം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. നഗരസഭയ്ക്ക് കീഴിലുള്ള മുന്നൂറിലധികം പ്രദേശങ്ങൾ പരിശോധിച്ച്, അപകടമുണ്ടായാൽ പുറത്തുകടക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള 100 സ്ഥലങ്ങളുടെ ഒരു പട്ടിക അവർ തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ ടെറൻസ് ബേ, ഇൻഡിഗോ ഷോർസ്, അപ്പർ ഹാമണ്ട്സ് പ്ലെയിൻസ് എന്നീ സ്ഥലങ്ങളാണ് ആദ്യത്തെ മൂന്ന് സ്ഥാനങ്ങളിലുള്ളത്. ഈ പ്രദേശങ്ങളിൽ പുതിയ റോഡുകൾ നിർമ്മിക്കുകയോ അല്ലെങ്കിൽ പ്രത്യേക സുരക്ഷാ പദ്ധതികൾ തയ്യാറാക്കുകയോ ചെയ്താൽ മാത്രമേ അപകടസാധ്യത കുറയ്ക്കാൻ കഴിയൂ എന്ന് റിപ്പോർട്ടിൽ പറയുന്നു.
ഈ പ്രദേശങ്ങളിലേക്ക് വരാനും പോകാനും നിലവിൽ ഒരു പ്രധാന റോഡ് മാത്രമാണുള്ളത്. ഇത് വലിയ അപകടങ്ങൾക്ക് കാരണമായേക്കാമെന്ന് 2023-ൽ ഇവിടെയുണ്ടായ വലിയ കാട്ടുതീക്ക് മുൻപ് തന്നെ നാട്ടുകാർ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ഇപ്പോൾ പുറത്തുവന്ന ഔദ്യോഗിക റിപ്പോർട്ട് ജനങ്ങളുടെ ഈ ആശങ്കകൾ ശരിവെക്കുന്നതാണെന്ന് കമ്മ്യൂണിറ്റി നേതാവായ കർട്ടിസ് വൈലി പറഞ്ഞു. മറ്റൊരു അപകടം ഉണ്ടാകുന്നതിന് മുൻപ് നഗരസഭ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പുതിയ ലിങ്ക് റോഡുകൾക്കായി പ്രദേശവാസികൾ ചേർന്ന് ‘പോക്വോക്ക് കോറിഡോർ സേഫ്’ എന്ന കൂട്ടായ്മയും രൂപീകരിച്ചിട്ടുണ്ട്. നിലവിൽ ഒരിടത്ത് പുതിയ എക്സിറ്റ് റോഡ് നിർമ്മിക്കുന്നുണ്ടെങ്കിലും അത് എല്ലാ ജനങ്ങൾക്കും ഉപകാരപ്പെടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
റിപ്പോർട്ട് പുറത്തുവന്നതോടെ, അടുത്ത ഒരു വർഷത്തിനകം പുതിയ കണക്റ്റിങ് റോഡുകളോ അടിയന്തരമായി പുറത്തുകടക്കാനുള്ള വഴികളോ എവിടെയൊക്കെ നിർമ്മിക്കാൻ കഴിയുമെന്ന് പരിശോധിക്കാൻ നഗരസഭ തീരുമാനിച്ചു. ഇതിനായി മേയർ ആൻഡി ഫിൽമോർ കൊണ്ടുവന്ന പ്രമേയം കൗൺസിൽ പാസാക്കി. സർക്കാർ ഭൂമിയും വാട്ടർ, പവർ വകുപ്പുകളുടെ കീഴിലുള്ള സ്ഥലങ്ങളും ഉപയോഗിച്ച് പുതിയ റോഡുകൾ ഉണ്ടാക്കാനാണ് പ്ലാൻ. ഇൻഡിഗോ ഷോർസ്, ഹാമണ്ട്സ് പ്ലെയിൻസ് ഉൾപ്പെടെയുള്ള പല സ്ഥലങ്ങളും ഈ പരിശോധനയിൽ ഉൾപ്പെടും. പുതിയ റോഡുകൾ നിർമ്മിക്കാൻ സ്ഥലം ഇല്ലാത്തയിടങ്ങളിൽ വെള്ളപ്പൊക്കത്തെ ചെറുക്കുന്ന റോഡുകൾ നിർമ്മിക്കാനും, പ്രാദേശികമായി ജനങ്ങളെ ഉൾപ്പെടുത്തി പ്രത്യേക അടിയന്തര രക്ഷാസേനകൾ രൂപീകരിക്കാനും റിപ്പോർട്ടിൽ ശുപാർശയുണ്ട്.
അടിയന്തര പ്രവേശന സൗകര്യം ഏറ്റവും മോശമായ 10 മേഖലകൾ
Terence Bay
Indigo Shores
Upper Hammonds Plains
East Petpeswick
Prospect
Porters Lake
East Chezzetcook
West Jeddore / Ostrea Lake
Springfield Lake West
East Jeddore
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Where would you go in the event of an accident? Halifax identifies areas lacking emergency exit routes.






