ഡൽഹി; ഡൽഹിയിലെ ജന്തർ മന്തറിൽ തുടരുന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് പിന്തുണ അറിയിച്ച് നടന്മാരായ ദുൽഖർ സൽമാനും ആസിഫ് അലിയും രംഗത്തെത്തി. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ദുൽഖർ തന്റെ നിലപാട് പങ്കുവെച്ചത്. വിദ്യാഭ്യാസം പ്രതീക്ഷകളുടെയും അവസരങ്ങളുടെയും മികച്ച ഭാവിയുടെയും പ്രതീകമാണെന്നും, എന്നാൽ ഇന്ന് വിദ്യാർത്ഥികൾ വലിയ അനിശ്ചിതത്വവും മാനസിക സമ്മർദവും നേരിടുന്നത് വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങൾ കേൾക്കാനും പരസ്പരം മനസ്സിലാക്കാനും സമൂഹം കൂടുതൽ തയ്യാറാകേണ്ട സമയമാണിതെന്നും, ഭിന്നിപ്പിനും അക്രമത്തിനും പകരം സഹാനുഭൂതിയും സംവാദവും അടിസ്ഥാനമാക്കിയുള്ള സമീപനമാണ് രാജ്യത്തിന് ശക്തമായ ഭാവി നൽകുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുന്നോട്ടുള്ള വഴികൾ അടഞ്ഞുവെന്ന് കരുതി ചില വിദ്യാർത്ഥികൾ നിരാശയിലേക്ക് തള്ളപ്പെടുന്നതും, ജീവൻ പോലും അവസാനിപ്പിക്കാൻ തീരുമാനിക്കുന്ന സാഹചര്യം ഉണ്ടാകുന്നതും ഹൃദയഭേദകമാണെന്ന് ദുൽഖർ കുറിച്ചു. അവരുടെ സ്വപ്നങ്ങളും കുടുംബങ്ങളുടെ പ്രതീക്ഷകളും ബഹുമാനിക്കപ്പെടേണ്ടതാണെന്നും, എല്ലാ അഭിപ്രായവ്യത്യാസങ്ങൾക്കും അപ്പുറം മാനുഷിക പരിഗണനയ്ക്കും സമാധാനപരമായ പരിഹാരങ്ങൾക്കുമാണ് പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളായ വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും ആവശ്യങ്ങൾ കേൾക്കുകയും അവരുടെ ശബ്ദത്തിന് പ്രാധാന്യം നൽകുകയും ചെയ്യുന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്ന് ആസിഫ് അലി പ്രതികരിച്ചു. വിദ്യാർത്ഥികൾക്കൊപ്പം നിൽക്കുന്നത് പൊതുസമൂഹത്തിന്റെ കടമയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജന്തർ മന്തറിൽ ഒരു മാസത്തിലേറെയായി തുടരുന്ന രാപകൽ സമരത്തിന്റെ ഭാഗമായി തിങ്കളാഴ്ച ആയിരക്കണക്കിന് വിദ്യാർത്ഥികൾ പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. മാർച്ച് തടയാൻ ഡൽഹി പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിച്ചതിനെ തുടർന്ന് വ്യാപക വിമർശനമാണ് ഉയർന്നത്. ഇതേ വിഷയത്തിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന കോൺഗ്രസ് പ്രതിഷേധത്തിനിടയിലും പൊലീസ് കർശന നടപടി സ്വീകരിച്ചതും രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
"What is needed is empathy, not division"; Dulquer and Asif Ali extend support to the Jantar Mantar protest.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






