ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ വ്യക്തിയുടെ കഴിവ് മാത്രമല്ല, അതിന് പിന്നിലെ പ്രചോദനത്തിന്റെ സ്വഭാവവും നിർണായകമാണെന്ന് മനഃശാസ്ത്ര പഠനങ്ങൾ വ്യക്തമാക്കുന്നു. ഒരേ ജോലി ചെയ്യുന്ന രണ്ടുപേർക്ക് മുന്നോട്ട് പോകാനുള്ള കാരണം വ്യത്യസ്തമായിരിക്കാം. ചിലരെ സ്വാതന്ത്ര്യബോധമാണ് നയിക്കുന്നതെങ്കിൽ, മറ്റുചിലർ അംഗീകാരം, സാമ്പത്തിക നേട്ടം, സാമൂഹിക ബന്ധം, ജോലി സുരക്ഷ, അല്ലെങ്കിൽ സൗകര്യപ്രദമായ തൊഴിൽ സാഹചര്യങ്ങൾ എന്നിവയ്ക്കായിരിക്കും കൂടുതൽ പ്രാധാന്യം നൽകുക. ഇത്തരത്തിലുള്ള പ്രചോദന ഘടകങ്ങൾ വ്യക്തിയുടെ തീരുമാനങ്ങളെയും വിജയസാധ്യതയെയും നേരിട്ട് സ്വാധീനിക്കുന്നതായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
മനഃശാസ്ത്രജ്ഞരായ ഇയാൻ മാക്റേയും സഹഗവേഷകരും നടത്തിയ പഠനങ്ങൾ പ്രകാരം, മനുഷ്യരുടെ പ്രചോദനങ്ങളെ പ്രധാനമായും ആന്തരികവും (Intrinsic) ബാഹ്യവുമായ (Extrinsic) രണ്ട് വിഭാഗങ്ങളായി തിരിച്ചറിയാം. വ്യക്തിപരമായ താൽപര്യം, സ്വയം വളർച്ച, സ്വാതന്ത്ര്യം തുടങ്ങിയവ ആന്തരിക പ്രചോദനങ്ങളാണെങ്കിൽ, ശമ്പളം, പദവി, സാമൂഹിക അംഗീകാരം, ജോലി സുരക്ഷ തുടങ്ങിയവ ബാഹ്യ പ്രചോദനങ്ങളിൽപ്പെടുന്നു. കാനഡയിലെ കാർൾട്ടൺ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലും സ്വന്തം താൽപര്യവും മൂല്യബോധവും അടിസ്ഥാനമാക്കി ലക്ഷ്യങ്ങൾ പിന്തുടർന്ന വിദ്യാർഥികൾക്ക് മറ്റുള്ളവരുടെ സമ്മർദത്തെ തുടർന്ന് ലക്ഷ്യം തിരഞ്ഞെടുത്തവരെക്കാൾ മികച്ച പുരോഗതി കൈവരിക്കാൻ കഴിഞ്ഞതായി കണ്ടെത്തി. വ്യക്തിപരമായ തീരുമാനമായി കണക്കാക്കിയ ലക്ഷ്യങ്ങളോട് ആളുകൾ കൂടുതൽ പ്രതിബദ്ധത പുലർത്തുന്നതായും പഠനം സൂചിപ്പിക്കുന്നു.
750-ലധികം തൊഴിൽപ്രവർത്തകരിൽ നടത്തിയ മറ്റൊരു പഠനത്തിന്റെ അടിസ്ഥാനത്തിൽ ജോലിസ്ഥലത്തെ പ്രചോദനങ്ങളെ ആറു പ്രധാന വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. സ്വാതന്ത്ര്യം, അംഗീകാരം, സാമൂഹിക ബന്ധം എന്നിവ ആന്തരിക പ്രചോദനങ്ങളായും സാമ്പത്തിക പ്രതിഫലം, തൊഴിൽ സാഹചര്യങ്ങൾ, ജോലി സുരക്ഷ എന്നിവ ബാഹ്യ പ്രചോദനങ്ങളായും തിരിച്ചറിഞ്ഞു. ഓരോരുത്തരുടെയും ജീവിതസാഹചര്യങ്ങൾക്കനുസരിച്ച് ഈ മുൻഗണനകൾ മാറാമെന്നും സാമ്പത്തിക സ്ഥിരത കൈവരിച്ചവർക്ക് സ്വാതന്ത്ര്യത്തിനും വ്യക്തിപരമായ വളർച്ചയ്ക്കും കൂടുതൽ പ്രാധാന്യം നൽകാനുള്ള പ്രവണതയുണ്ടെന്നും ഗവേഷകർ വിലയിരുത്തുന്നു. അതിനാൽ, സ്വന്തം പ്രചോദനത്തിന്റെ യഥാർഥ ഉറവിടം തിരിച്ചറിയുന്നത് ജോലിയിലും വ്യക്തിജീവിതത്തിലും കൂടുതൽ സംതൃപ്തിയും മികച്ച പ്രകടനവും കൈവരിക്കാൻ സഹായിക്കുമെന്നാണ് പഠനത്തിന്റെ നിഗമനം.
What drives you forward to reach your goal?
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






