മോങ്ക്ടൺ : കാനഡയിലെ പ്രമുഖ വിമാനക്കമ്പനിയായ വെസ്റ്റ്ജെറ്റിലെ ജീവനക്കാർ നടത്തിയ മിന്നൽ പണിമുടക്കിനെ തുടർന്ന് നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കിയതോടെ വിദേശ രാജ്യങ്ങളിൽ നൂറുകണക്കിന് യാത്രക്കാർ കുടുങ്ങി. ന്യൂ ബ്രൺസ്‌വിക്കിൽ നിന്നുള്ള യാത്രാസംഘങ്ങളും ടൂറിസ്റ്റുകളുമാണ് യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ വഴിമുട്ടി നിൽക്കുന്നത്. ഡെൻമാർക്കിലെ കോപ്പൻഹേഗനിൽ നടന്ന അന്താരാഷ്ട്ര ക്യാമ്പിംഗിൽ പങ്കെടുക്കാനെത്തിയ സ്കൗട്ട്സ് കാനഡയുടെ കുട്ടികളുടെ സംഘവും, വിവാഹവാർഷിക ആഘോഷത്തിനായി പോർച്ചുഗലിലെ ലിസ്ബണിലെത്തിയ ദമ്പതികളും ഉൾപ്പെടെയുള്ളവർ നാട്ടിലേക്ക് മടങ്ങാനാകാതെ അനിശ്ചിതത്വത്തിലാണ്. യൂണിയനും മാനേജ്‌മെന്റും തമ്മിൽ താൽക്കാലിക ധാരണയിലെത്തിയെങ്കിലും വിമാന സർവീസുകൾ പൂർണ്ണമായി സാധാരണ നിലയിലാകാൻ ദിവസങ്ങളെടുക്കുമെന്നാണ് വിമാനക്കമ്പനി വ്യക്തമാക്കുന്നത്.
ജോലി സമയത്തിന്റെ വേതനം പൂർണ്ണമായി നൽകണമെന്ന് ആവശ്യപ്പെട്ടാണ് ക്യാബിൻ ക്രൂ ജീവനക്കാർ ഞായറാഴ്ച മുതൽ പണിമുടക്കിലേക്ക് നീങ്ങിയത്. ഇതോടെ നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കേണ്ടി വന്നു. പോർച്ചുഗലിലെ ഹോട്ടലിൽ കഴിയുന്ന കനേഡിയൻ ദമ്പതികൾക്ക് അടിയന്തരമായി നാട്ടിലേക്ക് മടങ്ങാൻ എയർ കാനഡയുടെ ടിക്കറ്റ് നിരക്കായി 6,000 ഡോളറിലധികം ആവശ്യപ്പെട്ടതോടെ ബദൽ മാർഗ്ഗങ്ങളില്ലാതെ വിഷമിക്കുകയാണ്. അതേസമയം ഡെൻമാർക്കിൽ കുടുങ്ങിയ 13 അംഗ സ്കൗട്ട് സംഘത്തിലെ കുട്ടികളുടെ ഹോട്ടൽ ചെലവുകൾ വഹിക്കാമെന്ന് വെസ്റ്റ്ജെറ്റ് സമ്മതിച്ചിട്ടുണ്ടെങ്കിലും, ഒപ്പമുള്ള കുട്ടികളെ വേർപെടുത്തി വെവ്വേറെ റൂട്ടുകളിൽ ടിക്കറ്റ് നൽകാനുള്ള കമ്പനിയുടെ നീക്കം ആശങ്കയുണ്ടാക്കുന്നതായി സംഘാടകർ പറഞ്ഞു.
പണിമുടക്ക് അവസാനിപ്പിക്കാൻ യൂണിയനുമായി ധാരണയിലെത്തിയെങ്കിലും സർവീസുകൾ സാധാരണ നിലയിലാകാൻ സമയമെടുക്കുമെന്ന് വെസ്റ്റ്ജെറ്റ് അറിയിച്ചു.
യാത്രക്കാർ എയർപോർട്ടിലേക്ക് തിരിക്കും മുൻപ് വിമാനങ്ങളുടെ സമയക്രമം ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദേശിച്ചു. സർവീസുകൾ റദ്ദാക്കപ്പെട്ടവർക്ക് പുതിയ ടിക്കറ്റുകൾ നൽകുകയോ അല്ലെങ്കിൽ ടിക്കറ്റ് തുക പൂർണ്ണമായി റീഫണ്ട് ചെയ്യുകയോ ചെയ്യുമെന്നും കമ്പനി വ്യക്തമാക്കി. ന്യൂ ബ്രൺസ്‌വിക്കിലെ മോങ്ക്ട്ടൺ, ഫ്രെഡറിക്റ്റൺ എയർപോർട്ടുകളിൽ ചെറിയ രീതിയിൽ സർവീസുകളെ ബാധിച്ചെങ്കിലും നിലവിൽ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മടങ്ങിവരികയാണ്.
WestJet strike: Hundreds of New Brunswick passengers stranded in Europe
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




