സംസ്ഥാനത്ത് ഈ മാസത്തെ സാമൂഹിക സുരക്ഷാ ക്ഷേമ പെൻഷൻ വിതരണം ബുധനാഴ്ച മുതൽ ആരംഭിക്കും. 51 ലക്ഷത്തിലധികം വരുന്ന ഗുണഭോക്താക്കൾക്കായി 950 കോടിയിലധികം രൂപ സർക്കാർ അനുവദിച്ചതായി ധനകാര്യ വകുപ്പ് അറിയിച്ചു. പെൻഷൻ തുക വിതരണം വരും ദിവസങ്ങളിൽ സജീവമാക്കി ജൂലൈ മൂന്നിനുള്ളിൽ പൂർത്തിയാക്കണമെന്നാണ് തദ്ദേശ സ്ഥാപനങ്ങൾക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ലഭിച്ചിരിക്കുന്ന കർശന നിർദ്ദേശം.
കേന്ദ്ര സർക്കാരിന്റെ ദേശീയ സാമൂഹിക സഹായ പദ്ധതിക്ക് കീഴിലുള്ള വിവിധ പെൻഷനുകൾ കൈപ്പറ്റുന്ന 8.46 ലക്ഷത്തിലധികം ഗുണഭോക്താക്കൾക്കായി 24.76 കോടി രൂപയും ഇതിനോടകം അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമെ വിവിധ ക്ഷേമനിധി ബോർഡുകളിലെ 6.5 ലക്ഷത്തിലധികം ഗുണഭോക്താക്കൾക്കായി 128.59 കോടി രൂപയും സർക്കാർ നീക്കിവെച്ചിട്ടുണ്ട്. വിതരണം ചെയ്യാൻ സാധിക്കാത്ത തുകയുണ്ടെങ്കിൽ അത് ജൂലൈ 15-നകം കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിലേക്ക് (കെഎസ്എസ്പിഎൽ) തിരിച്ചയക്കണമെന്നും ധനവകുപ്പിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു.
ബാങ്ക് അക്കൗണ്ടുകൾ വഴി പെൻഷൻ കൈപ്പറ്റുന്ന 28,26,700 ഗുണഭോക്താക്കൾക്കായി 514.22 കോടി രൂപയും, സഹകരണ ബാങ്കുകൾ വഴി നേരിട്ട് വീട്ടിൽ പെൻഷൻ എത്തിക്കുന്നതിനായി 23,43,315 ഗുണഭോക്താക്കൾക്കായി 437.84 കോടി രൂപയുമാണ് ധനകാര്യ വകുപ്പ് തദ്ദേശസ്വയംഭരണ വകുപ്പ് ഡയറക്ടറുടെ അക്കൗണ്ടിലേക്ക് കൈമാറിയിട്ടുള്ളത്. അർഹരായ എല്ലാ വിഭാഗങ്ങളിലേക്കും തുക കൃത്യസമയത്ത് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ രണ്ട് വിഭാഗങ്ങളായാണ് തുക കൈമാറിയിരിക്കുന്നത്.
അതേസമയം, ക്ഷേമ പെൻഷൻ വിതരണ രംഗത്ത് സമഗ്രമായ അഴിച്ചുപണിക്കൊരുങ്ങുകയാണ് സർക്കാരെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയെ അറിയിച്ചു.
അർഹതയില്ലാത്ത ഗുണഭോക്താക്കളെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനും അർഹരായ എല്ലാവർക്കും ആനുകൂല്യം ഉറപ്പാക്കുന്നതിനുമായി ഗുണഭോക്തൃ പട്ടിക പുന:പരിശോധിക്കും. പെൻഷൻ തുക 3,000 രൂപയായി ഉയർത്തുമെന്ന യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രഖ്യാപനമായ ‘ഇന്ദിര ഗ്യാരണ്ടി’ പദ്ധതി എത്രയും വേഗം നടപ്പാക്കുമെന്നും, സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ സർക്കാർ അധികാരമേറ്റ് ഒരു മാസത്തിനകം തന്നെ നടപ്പിലാക്കിയിട്ടുണ്ടെന്നും എ.സി മൊയ്തീന്റെ ചോദ്യങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി.
Welfare pension distribution from today; Government has allocated Rs 950 crore, should be completed by July 3
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





