കാൽഗറി: തെക്കൻ ആൽബർട്ടയുടെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച രാത്രി വരെ 30 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് എൻവയൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ റിപ്പോർട്ട് ചെയ്തു. നിലവിൽ കാൽഗറിയിൽ വരണ്ട കാലാവസ്ഥയും 15 ഡിഗ്രി സെൽഷ്യസ് വരെ ചൂടും അനുഭവപ്പെടുന്നുണ്ടെങ്കിലും അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ കാലാവസ്ഥയിൽ പെട്ടെന്നുള്ള മാറ്റമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തെക്കൻ ബ്രിട്ടീഷ് കൊളംബിയയിലും എഡ്മന്റണിന്റെ പടിഞ്ഞാറൻ മേഖലകളിലും ഇതിനകം തന്നെ മഞ്ഞുവീഴ്ചയുടെ സൂചനകൾ കണ്ടുതുടങ്ങിയിട്ടുണ്ട്.
രണ്ട് ശക്തമായ ന്യൂനമർദ്ദങ്ങൾ ഒരേസമയം രൂപപ്പെടുന്നതാണ് ആൽബർട്ടയിൽ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്നത്. ചൊവ്വാഴ്ച ഉച്ചയോടെ ആരംഭിക്കുന്ന മഞ്ഞുവീഴ്ച ബുധൻ, വ്യാഴം ദിവസങ്ങളിൽ ശക്തമാകും. കാൽഗറിയിൽ ബുധനാഴ്ച താപനില 6 ഡിഗ്രി സെൽഷ്യസിലേക്കും വ്യാഴാഴ്ചയോടെ പൂജ്യം ഡിഗ്രിക്ക് താഴെ മൈനസ് 1-ലേക്കും കുറയാൻ സാധ്യതയുണ്ട്. കനത്ത മഞ്ഞുവീഴ്ചയ്‌ക്കൊപ്പം ശക്തമായ കാറ്റും ഉണ്ടാകുമെന്നതിനാൽ റോഡുകളിൽ കാഴ്ചപരിധി കുറയാനും ഗതാഗതം തടസ്സപ്പെടാനും സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
കനത്ത മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്ന ഗ്രാൻഡ് കാഷ്, ഹൈവേ 40 തുടങ്ങിയ മേഖലകളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. എന്നാൽ ഈ കാലാവസ്ഥാ വെള്ളിയാഴ്ച മുതൽ താപനില വീണ്ടും ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച മുതൽ ഏകദേശം അഞ്ച് ദിവസത്തേക്ക് താപനില സാധാരണ നിലയിലുള്ള 11 ഡിഗ്രി സെൽഷ്യസിന് മുകളിൽ തുടരും.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Weather warning: Up to 30 cm of snow expected in Alberta



