വയനാട് : വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെയും പ്രിയതമനെയും നഷ്ടപ്പെട്ട് തീരാവേദന പേറിയ ശ്രുതി സുരേഷ് ഇനി പുതിയൊരു ജീവിതത്തിലേക്ക്. തൃശൂർ ഗുരുവായൂർ ക്ഷേത്രനടയിൽ വെച്ച് മാനന്തവാടി സ്വദേശിയും വയനാട് കളക്ടറേറ്റിലെ ജീവനക്കാരനുമായ സന്ദീപ് ശങ്കരൻ ശ്രുതിയുടെ കഴുത്തിൽ താലി ചാർത്തി.
രാവിലെ ആറേകാലോടെ നടന്ന ലളിതമായ ചടങ്ങിൽ, രക്ഷാകർത്താവിന്റെ സ്ഥാനത്തുനിന്ന് മുൻ റവന്യൂ മന്ത്രി കെ. രാജൻ ശ്രുതിയുടെ കൈ സന്ദീപിന് പിടിച്ചുകൊടുത്തു. കളക്ടറേറ്റിലെ സഹപ്രവർത്തകരും ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.
2024 ജൂലൈയിലെ ചൂരൽമല ഉരുൾപൊട്ടലിൽ അച്ഛനും അമ്മയും അനിയത്തിയുമടക്കം കുടുംബത്തിലെ ഒൻപതുപേരെയാണ് ശ്രുതിക്ക് നഷ്ടമായത്. തുടർന്ന് ആകെയുണ്ടായിരുന്ന ആശ്വാസമായ പ്രതിശ്രുത വരൻ ജെൻസനും വിവാഹനിശ്ചയം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ വാഹനാപകടത്തിൽ മരിച്ചു. തികച്ചും ഒറ്റപ്പെട്ടുപോയ ശ്രുതിയെ ചേർത്തുപിടിച്ച് സർക്കാർ റവന്യൂ വകുപ്പിൽ ജോലി നൽകിയിരുന്നു. “എല്ലാമറിഞ്ഞ് കൈപിടിച്ച ആളാണ് സന്ദീപ്, മുന്നോട്ട് നല്ലൊരു സന്തോഷമുള്ള ജീവിതമുണ്ടാകട്ടെ” എന്ന് വിവാഹശേഷം ശ്രുതി മാധ്യമങ്ങളോട് പ്രതികരിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z




