ഒട്ടാവയിലെ പൊതുജനാരോഗ്യ വിഭാഗം നഗരത്തിലെ ബീച്ചുകളിൽ നടത്തിയിരുന്ന ദൈനംദിന ജലപരിശോധന ഇനിമുതൽ ആഴ്ചയിൽ ഒരിക്കൽ മാത്രമാക്കി ചുരുക്കി. ഇതോടെ ജനങ്ങൾക്കിടയിൽ ആശങ്ക പടർന്നു. ഈ മാസം 21 മുതൽ ഈ പുതിയ മാറ്റം പ്രാബല്യത്തിൽ വരുന്നത്. പ്രവിശ്യാ മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള ഒരു പരിഷ്കാരമെന്ന് ആരോഗ്യവകുപ്പ് പറയുന്നത്.
എന്നാൽ, നിരീക്ഷണത്തിൽ കുറവ് വരുത്തുന്നത് ഈ-കോളി പോലുള്ള ബാക്ടീരിയകൾ വർദ്ധിക്കുകയും ജനങ്ങളുടെ ആരോഗ്യം അപകടത്തിലാക്കുകയും ചെയ്യുമെന്ന് പരിസ്ഥിതി സംഘടനയായ റിവർകീപ്പർ വിമർശിച്ചു. 24 മണിക്കൂർ കഴിഞ്ഞ് കിട്ടുന്ന ടെസ്റ്റ് ഫലങ്ങൾ പൂർണ്ണമായും വിശ്വസനീയമല്ലെന്നാണ് ഓട്ടാവ പബ്ലിക് ഹെൽത്തിലെ ‘സേഫ് ഫുഡ് ആൻഡ് വാട്ടർ പ്രോഗ്രാം’ മാനേജർ മാത്യു റഫിന്റെ അഭിപ്രായം. അതിനാൽ ആളുകൾ സ്വയം വിലയിരുത്തി തീരുമാനമെടുക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
അഴുകിയ മത്സ്യങ്ങൾ കരയിൽ കിടക്കുന്നുണ്ടോ, ആൽഗകൾ വളർന്നിട്ടുണ്ടോ, വെള്ളം കലങ്ങിയിട്ടുണ്ടോ ഇങ്ങനെയുള്ള സൂചനകൾ നോക്കി വേണം ആളുകൾ ബീച്ചിലിറങ്ങുന്നതും നീന്തുന്നതും തീരുമാനിക്കാൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എങ്കിലും ഈ തീരുമാനത്തിനെതിരെ ശക്തമായ വിമർശനം ഉയർന്നിട്ടുണ്ട്. റിവർകീപ്പർ ഡയറക്ടർ ലോറ റീൻസ്‌ബറോ ഇതിനെ “ഒരു വലിയ തിരിച്ചടി” എന്ന് വിശേഷിപ്പിച്ചു.
നേരത്തെ നടന്ന ദൈനംദിന പരിശോധന മികച്ച രീതിയിലായിരുന്നു എന്നും അത് നിർത്തലാക്കുന്നത് പൊതുജനങ്ങളെ സുരക്ഷിതമല്ലാത്ത അവസ്ഥയിലേക്ക് തള്ളിവിടുകയാണെന്നും റിവർകീപ്പർ ഡയറക്ടർ ലോറ റീൻസ്‌ബറോ പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷത്തെ വിവരങ്ങൾ അനുസരിച്ച്, ആഴ്ചയിലൊരിക്കലുള്ള പരിശോധന ഏകദേശം 20% വ്യത്യാസം ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.
പരിശോധന കുറയുന്ന സാഹചര്യത്തിൽ ചില ദിവസങ്ങളിൽ വെള്ളം സുരക്ഷിതമായിരിക്കുമ്പോൾ ബീച്ചുകൾ അടച്ചിടാനും, അല്ലെങ്കിൽ സുരക്ഷിതമല്ലാത്ത ദിവസങ്ങളിൽ തുറന്നിടാനും സാധ്യതയുണ്ട് എന്ന് അവർ വ്യക്തമാക്കി. സുരക്ഷിതമായി ബീച്ചിൽ ഇറങ്ങാനും നീന്താനും ആവശ്യമായ കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ എല്ലാ വിവരങ്ങളും ലഭ്യമാകണമെന്ന് റീൻസ്‌ബറോ ആവശ്യപ്പെട്ടു.അതേസമയം ഈ ആഴ്ച ആരംഭിച്ച അവരുടെ പ്രതിഷേധ പെറ്റീഷനിൽ 48 മണിക്കൂറിനുള്ളിൽ 400 പേർ ആണ് ഒപ്പിട്ടത്.
നഗരത്തിലെ ബീച്ചുകളിൽ എത്തുന്ന ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും പൂർണ്ണമായ പരിശോധനാ വിവരങ്ങൾ പങ്കുവെക്കുന്നതാണ് ഏറ്റവും നല്ല വഴിയെന്നും അവർ അഭിപ്രായപ്പെട്ടു.



