ഒട്ടാവ : കാനഡയിൽ ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിലും ഗ്യാസ് ടാക്സ് (എക്സൈസ് നികുതി) കുറയ്ക്കുന്ന കാര്യത്തിൽ ഫെഡറൽ സർക്കാർ അനുകൂലമായ സൂചനകൾ നൽകിയില്ല. ഒട്ടാവയിൽ ചൊവ്വാഴ്ച നടന്ന കാബിനറ്റ് യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെ, നികുതി കുറയ്ക്കുന്ന കാര്യം പരിഗണനയിലുണ്ടോ എന്ന ചോദ്യത്തിന് ധനമന്ത്രി ഫ്രാൻസ്വ ഫിലിപ്പ് ഷാംപെയ്ൻ നേരിട്ടുള്ള മറുപടി നൽകിയില്ല. നിലവിലെ ആഭ്യന്തര, രാജ്യാന്തര സാഹചര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും രാജ്യാന്തര പങ്കാളികളുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ പെട്രോളിന് ലിറ്ററിന് 10 സെന്റും ഡീസലിന് 4 സെന്റുമാണ് ഫെഡറൽ സർക്കാർ ഈടാക്കുന്ന എക്സൈസ് നികുതി.
മധ്യേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് ഉപരോധിച്ചതാണ് ആഗോളതലത്തിൽ എണ്ണവില ഉയരാൻ കാരണമായത്. മൂന്നാഴ്ച പിന്നിട്ട യുദ്ധം കാനഡയിലെ ഇന്ധന വിപണിയെയും ശക്തമായി ബാധിച്ചു. CAA പുറത്തുവിട്ട കണക്കുകൾ പ്രകാരം ചൊവ്വാഴ്ച രാജ്യത്തെ ശരാശരി പെട്രോൾ വില ലിറ്ററിന് 173.9 സെന്റിലെത്തി. ഒരു മാസം മുൻപ് ഇത് 129.9 സെന്റായിരുന്നു. ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ പവർ പ്ലാന്റുകൾ തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ശനിയാഴ്ച അന്ത്യശാസനം നൽകിയിരുന്നുവെങ്കിലും പിന്നീട് ഈ നിലപാടിൽ നിന്ന് അദ്ദേഹം പിന്മാറുകയായിരുന്നു.
മധ്യേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുമായി മറ്റ് രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് കനേഡിയൻ സർക്കാർ അറിയിച്ചു. എന്നാൽ ഈ വിഷയത്തിൽ കാനഡയുടെ സൈനികമായോ അല്ലാതെയോ ഉള്ള പങ്കാളിത്തം സംബന്ധിച്ച് പ്രതിരോധ മന്ത്രി ഡേവിഡ് മക്ഗ്വിന്റി ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഇന്ധനവില വർദ്ധനവ് രാജ്യത്തെ സമ്പദ്‌വ്യവസ്ഥയിൽ ദീർഘകാലാടിസ്ഥാനത്തിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സിഗ്നൽ49 റിസർച്ചിലെ ചീഫ് ഇക്കണോമിസ്റ്റ് പെഡ്രോ ആന്റുനെസ് വിലയിരുത്തി.
Fuel price hike: Federal government fails to clarify gas tax cut
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




