അക്ര: ഈ ലോകകപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നേതൃത്വത്തിലുള്ള പോർച്ചുഗൽ ടീം കിരീടം നേടുമെന്ന അവകാശവാദവുമായി ഘാനയിലെ പ്രശസ്ത മന്ത്രവാദി നാന ക്വാകു ബോൺസാം രംഗത്ത്. ഘാന-ഇംഗ്ലണ്ട് മത്സരവുമായി ബന്ധപ്പെട്ട് ഇദ്ദേഹം നടത്തിയ മുൻ പ്രവചനങ്ങൾ ഫലിച്ചതിന് പിന്നാലെയാണ് പുതിയ പ്രസ്താവന. നിലവിൽ സമൂഹമാധ്യമങ്ങളിൽ വലിയ തോതിലാണ് ഈ അവകാശവാദം ചർച്ചയാകുന്നത്. ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ ഗോൾ നേടാതിരിക്കാൻ താൻ മന്ത്രവാദം ചെയ്തതായി ബോൺസാം നേരത്തെ അവകാശപ്പെട്ടിരുന്നു. ആ മത്സരത്തിൽ ഘാനയോട് ഇംഗ്ലണ്ട് സമനില വഴങ്ങുകയും ഹാരി കെയ്ന് മികച്ച അവസരങ്ങൾ നഷ്ടമാവുകയും ചെയ്തിരുന്നു.
ഘാനയിലെ അഫ്രാൻചോ ഗ്രാമത്തിൽ ജനിച്ച നാന ക്വാകു ബോൺസാം, 1992-ൽ ഉണ്ടായ ഒരു ഗ്യാസ് സിലിണ്ടർ അപകടത്തിന് ശേഷമാണ് പരമ്പരാഗത ആചാരങ്ങളിലേക്കും മന്ത്രവാദത്തിലേക്കും തിരിഞ്ഞത്. ഘാനയിലെ പ്രാദേശിക വിശ്വാസങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്ന ഇദ്ദേഹം അവിടുത്തെ സാമൂഹിക ജീവിതത്തിൽ ഏറെ സ്വാധീനമുള്ള വ്യക്തിയാണ്. മുൻപ് ഫുട്ബോൾ മത്സരങ്ങളെക്കുറിച്ച് നടത്തിയ ചില പരാമർശങ്ങൾ ഒത്തുവന്നതോടെയാണ് കായിക ലോകത്തും ഇദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്.
അതേസമയം, ടൂർണമെന്റിൽ ഗ്രൂപ്പ് ‘കെ’യിലെ ചാമ്പ്യന്മാരെ നിർണയിക്കുന്ന നിർണായക മത്സരത്തിൽ പോർച്ചുഗൽ അടുത്തതായി കൊളംബിയയെ നേരിടാൻ ഒരുങ്ങുകയാണ്. ജൂൺ 28-ന് പുലർച്ചെ 5 മണിക്കാണ് ഈ മത്സരം നടക്കുന്നത്. ആദ്യ മത്സരത്തിൽ കോംഗോയോട് സമനില വഴങ്ങിയെങ്കിലും, രണ്ടാം മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് പോർച്ചുഗൽ ശക്തമായി തിരിച്ചെത്തിയിരുന്നു. ഈ മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോളുകൾ നേടി മികച്ച ഫോമിലാണെന്നത് പോർച്ചുഗൽ ആരാധകർക്ക് പ്രതീക്ഷ നൽകുന്ന കാര്യമാണ്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
'This World Cup is for Portugal..'; Viral magician Nana Kwaku Bonsam makes a prediction






