കൊച്ചി: ഒളിവിൽ കഴിഞ്ഞിരുന്ന കുംഭമേള വൈറൽ പെൺകുട്ടി സുരക്ഷ ആവശ്യപ്പെട്ട് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി ഹാജരായി. പെൺകുട്ടി എവിടെയുണ്ടെന്ന് വ്യക്തമല്ലാത്തതിനാൽ എങ്ങനെ സംരക്ഷണം നൽകുമെന്ന് പൊലീസ് കഴിഞ്ഞ ദിവസം കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തനിക്ക് അടിയന്തരമായി സുരക്ഷ വേണമെന്ന ആവശ്യവുമായി പെൺകുട്ടി സ്റ്റേഷനിലെത്തിയത്. തന്റെ പാസ്പോർട്ടും പണവും പിതാവും സംഘവും ചേർന്ന് അപഹരിച്ചതായും പെൺകുട്ടി പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ മാർച്ച് 11-ന് തിരുവനന്തപുരം അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു പെൺകുട്ടിയുടെ വിവാഹം നടന്നത്. എന്നാൽ, വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ എന്ന് ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മധ്യപ്രദേശിലെ മഹേശ്വർ സർക്കാർ ആശുപത്രിയിലെ ജനന സർട്ടിഫിക്കറ്റ് പ്രകാരം 2009 ഡിസംബർ 30-നാണ് പെൺകുട്ടി ജനിച്ചത്. എന്നാൽ മുൻപ് തിരുവനന്തപുരം പൊലീസിന് മുന്നിൽ പെൺകുട്ടി ഹാജരാക്കിയ രേഖകളിൽ 2008 ജനുവരി 1 ആണ് ജനനത്തീയതിയായി രേഖപ്പെടുത്തിയിരിക്കുന്നത്.
പെൺകുട്ടി ഹാജരാക്കിയ ഈ പ്രായരേഖ വ്യാജമായി നിർമ്മിച്ചതാണെന്നാണ് കമ്മീഷൻ വ്യക്തമാക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നിയമവിരുദ്ധമാണെന്നിരിക്കെ, ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കിടയിലാണ് പെൺകുട്ടി ഒളിവിൽ പോയത്. നിലവിൽ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയ പെൺകുട്ടിയുടെ സുരക്ഷാ ആവശ്യത്തിലും പിതാവിനെതിരെയുള്ള പരാതിയിലും പൊലീസ് തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
'Viral girl' from Kumbh Mela seeks protection; approaches police station with complaint against father.






