ക്യുബെക്ക്: പ്രവിശ്യയിൽ ബാറുകൾക്കും റെസ്റ്റോറന്റുകൾക്കും നേരെ തുടർച്ചയായുണ്ടാകുന്ന തീവെപ്പിലും ക്രിമിനൽ സംഘങ്ങളുടെ ഭീഷണിയിലും ആശങ്ക അറിയിച്ച് ബാർ ഉടമകൾ രംഗത്ത്. അക്രമങ്ങൾ തടയാൻ കർശന സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നും സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ ഇളവുകൾ അനുവദിക്കണമെന്നും ബാർ ഉടമകളുടെ സംഘടന ആവശ്യപ്പെട്ടു. സുരക്ഷാ ചെലവുകളും ഇൻഷുറൻസ് തുകയും കുത്തനെ വർധിച്ചത് ലാഭവിഹിതത്തെ ബാധിച്ചതായും പലരും ബിസിനസ് വിറ്റൊഴിയാൻ പോലും സാധിക്കാത്ത അവസ്ഥയിലാണെന്നും പ്രവിശ്യയിലെ ബാർ ഓണേഴ്സ് കോർപ്പറേഷൻ വൈസ് പ്രസിഡന്റ് ഒലിവിയർ ഹാമൽ വ്യക്തമാക്കി.
കുറ്റകൃത്യങ്ങൾ തടയുന്നതിനായി മോണ്ട്രിയൽ പോലീസ് (SPVM) ആരംഭിച്ച ‘ഓറോറ’ പദ്ധതിയിലൂടെ ഇതുവരെ മുപ്പതോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടിയിലായവരിൽ ഏറെയും 14 മുതൽ 22 വയസ്സു വരെയുള്ള യുവാക്കളാണ്. സോഷ്യൽ മീഡിയയിലും ചാറ്റ് ഗ്രൂപ്പുകളിലും തങ്ങൾ ‘പുലികളാണെന്ന്’ കാണിക്കാനും മറ്റുള്ളവരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാനുമാണ് ഇവർ ഇത് ചെയ്യുന്നത്. വെറുമൊരു വിനോദത്തിനായാണ് പലരും അക്രമങ്ങളിൽ ഏർപ്പെടുന്നതെന്ന് പോലീസ് കമാൻഡർ ഫ്രാൻസിസ് റിനോഡ് പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ ഭീഷണി നേരിടുന്ന ഉടമകളെ സഹായിക്കാൻ സർക്കാർ തയ്യാറാകണമെന്ന് വ്യവസായ മേഖല ആവശ്യപ്പെടുന്നു. അതേസമയം, യുവാക്കളെ കുറ്റകൃത്യങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാൻ 150 മില്യൺ ഡോളറിന്റെ പദ്ധതികൾ നടപ്പിലാക്കിവരികയാണെന്ന് പൊതു സുരക്ഷാ മന്ത്രി ഇയാൻ ലാഫ്രെനിയർ അറിയിച്ചു. പോലീസും സർക്കാരും ബിസിനസ് ഉടമകളും സംയുക്തമായി നീങ്ങിയാൽ മാത്രമേ ഈ പീഡന തരംഗം അവസാനിപ്പിക്കാൻ സാധിക്കൂ എന്നാണ് ഈ രംഗത്തുള്ളവർ വിലയിരുത്തുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Violence for entertainment; Arson to get noticed on social media: Bar owners seek government intervention




