ഹൂസ്റ്റൺ: ഫിഫ ലോകകപ്പിൽ സ്‌കോട്ട്ലൻഡിനെതിരായ ഗ്രൂപ്പ് സി മത്സരത്തിൽ താരം വിനീഷ്യസ് ജൂനിയറിന്റെ ഗോൾ നിഷേധിച്ചതുമായി ബന്ധപ്പെട്ട് ഫിഫയ്ക്ക് ഔദ്യോഗിക പരാതി നൽകി ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ (CBF). മത്സരത്തിൽ വിവാദപരമായ തീരുമാനങ്ങളെടുത്ത മെക്സിക്കൻ റഫറി സീസർ റാമോസിനെതിരെയാണ് ബ്രസീൽ രംഗത്തെത്തിയിരിക്കുന്നത്. റാമോസിനെ ബ്രസീലിന്റെ വരാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങളിൽ നിന്ന് വിലക്കണമെന്നും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്ക്ക് അയച്ച കത്തിൽ ബ്രസീൽ ശക്തമായി ആവശ്യപ്പെടുന്നു.
മത്സരത്തിന്റെ 21-ാം മിനിറ്റിൽ സ്‌കോട്ട്ലൻഡ് താരം ജാക്ക് ഹെൻഡ്രിയിൽ നിന്ന് പന്ത് തട്ടിയെടുത്ത് വിനീഷ്യസ് നേടിയ ഗോൾ റഫറി ആദ്യം അനുവദിച്ചിരുന്നു. എന്നാൽ പിന്നീട് വിഎആർ (VAR) പരിശോധനയിലൂടെ ഇത് ഫൗളാണെന്ന് കാട്ടി നിഷേധിക്കുകയായിരുന്നു. റഫറിയുടേത് വ്യക്തവും പ്രകടവുമായ പിഴവാണെന്നാണ് ബ്രസീലിന്റെ വാദം. അർജന്റീന-ഓസ്ട്രിയ മത്സരത്തിൽ സമാനമായ സാഹചര്യത്തിൽ ഗോൾ അനുവദിച്ച കാര്യം ചൂണ്ടിക്കാട്ടുന്ന ബ്രസീൽ, ഈ തീരുമാനത്തിൽ സ്കോട്ട്‌ലൻഡ് താരങ്ങൾ പോലും അത്ഭുതപ്പെട്ടിരുന്നുവെന്നും തങ്ങളുടെ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
ഈ വിവാദങ്ങൾക്കിടയിലും തകർപ്പൻ പ്രകടനത്തോടെ സ്കോട്ട്‌ലൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ബ്രസീൽ ഗ്രൂപ്പിൽ ഒന്നാമതെത്തി. വിനീഷ്യസ് ജൂനിയർ, മാറ്റിയൂസ് കുഞ്ഞ എന്നിവരാണ് കാനറികൾക്കായി സ്കോർ ചെയ്തത്. റഫറിയിങ് വിവാദങ്ങളേക്കാൾ ടീമിന്റെ മുന്നേറ്റത്തിലാണ് ശ്രദ്ധയെന്ന് വ്യക്തമാക്കിയ കോച്ച് കാർലോ അഞ്ചലോട്ടി, ടീം ഇപ്പോൾ കൂടുതൽ കരുത്താർജ്ജിച്ചിട്ടുണ്ടെന്നും നോക്കൗട്ട് ഘട്ടത്തിൽ ഈ സ്ഥിരത പ്രധാനമാണെന്നും ഓർമ്മിപ്പിച്ചു. റൗണ്ട് ഓഫ് 32-ൽ ജപ്പാനാണ് ബ്രസീലിന്റെ അടുത്ത എതിരാളികൾ.
Vinicius’ goal disallowed; Brazil officially complains to FIFA against referee
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




