ഹാലിഫാക്സ്: ഇരുരാജ്യങ്ങളും തമ്മിൽ വാണിജ്യപ്പോര് കടുക്കുമ്പോഴും കാനഡയോടുള്ള സ്നേഹം കുറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ വിനോദസഞ്ചാരികൾ. ചൊവ്വാഴ്ചയാണ് ആയിരക്കണക്കിന് അമേരിക്കൻ സഞ്ചാരികളുമായി രണ്ട് കൂറ്റൻ വിനോദസഞ്ചാര കപ്പലുകൾ നോവ സ്കോഷ്യയയിലുള്ള ഹാലിഫാക്സ് തുറമുഖത്ത് എത്തിയത്. ഹോളണ്ട് അമേരിക്ക ലൈനിന്റെ ‘സുയിഡർഡാം’, പ്രിൻസസ് ക്രൂയിസസിന്റെ ‘സഫയർ പ്രിൻസസ്’ എന്നീ കൂറ്റൻ കപ്പലുകളിലാണ് സഞ്ചാരികൾ ഹാലിഫാക്സ് നഗരം കാണാൻ എത്തിയത്.
അതിർത്തിയിലെ താരിഫ് (നികുതി) തർക്കങ്ങൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സമയമായതിനാൽ യാത്ര തിരിക്കും മുൻപ് ചെറിയൊരു ആശങ്കയുണ്ടായിരുന്നു എന്ന് കാലിഫോർണിയക്കാരനായ ഗാരി ചാർലാന്റ് പറഞ്ഞു. എങ്കിലും കാനഡയിലെത്തിയപ്പോൾ ആ ആശങ്കകളെല്ലാം മാറിയെന്നും, കനേഡിയൻ ജനത തങ്ങളുടെ അയൽക്കാർ മാത്രമല്ല ഉറ്റ പങ്കാളികൾ കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രകൃതിഭംഗി ആസ്വദിക്കാനും നാട്ടിലെ കടുത്ത ചൂടിൽ നിന്ന് ആശ്വാസം നേടാനുമാണ് തങ്ങൾ എത്തിയതെന്ന് മറ്റ് ചില സഞ്ചാരികൾ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റും കനേഡിയൻ പ്രധാനമന്ത്രിയും വാശി മാറ്റിവെച്ച് പ്രശ്നങ്ങൾ ചർച്ച ചെയ്ത് തീർക്കണമെന്നാണ് ഭൂരിഭാഗം സഞ്ചാരികളുടെയും അഭിപ്രായം.
Also Read: വിലക്കയറ്റത്തിനിടയിൽ ആശ്വാസം; കാനഡയിൽ പുതിയ മിനിമം വേതനം പ്രാബല്യത്തിൽ
ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന സാമ്പത്തിക തർക്കങ്ങൾ കാരണം കാനഡക്കാർ അമേരിക്കയിലേക്കുള്ള യാത്രകൾ കുറയ്ക്കുമ്പോഴാണ് തിരിച്ചുള്ള അമേരിക്കൻ സഞ്ചാരികളുടെ പ്രവാഹം. ഡോളറിന്റെ മൂല്യം കൂടിയതും കാനഡക്കാരുടെ നല്ല പെരുമാറ്റവുമാണ് സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഹാലിഫാക്സിലേക്ക് വരുന്ന അമേരിക്കക്കാരുടെ എണ്ണത്തിൽ 13 ശതമാനത്തിന്റെ വർധനവുണ്ടായിട്ടുണ്ട്. തർക്കങ്ങളെല്ലാം മറന്ന് കാനഡക്കാർ മുൻപത്തെപ്പോലെ അമേരിക്കയിലേക്ക് തിരിച്ചുവരണമെന്നാണ് സഞ്ചാരികൾ ഒന്നടങ്കം ആവശ്യപ്പെടുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









